“കയറുപിരിയിലെ തരികിടകളിലാണ് ഐസക്കിന്റെ ഡിഗ്രി”; തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി സലിം കുമാർ

ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള തോമസ് ഐസക്കിനെപ്പോലൊരു നേതാവിൽ നിന്ന് ഇത്തരം പരാമർശങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് സലിം കുമാർ പറഞ്ഞു. കലാകാരന്മാരെ ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ഡോക്ടറായ തോമസ് ഐസക്കിന് ധനതത്വശാസ്ത്രത്തിലല്ല, മറിച്ച് ‘കയറുപിരിയിലെ തരികിടകളിൽ’ ആണ് ഡിഗ്രിയെന്നും സലിം കുമാർ ആക്ഷേപിച്ചു.

കേരളത്തിൽ ഇത്തവണ ഉറപ്പായും ഭരണമാറ്റം ഉണ്ടാകുമെന്ന ആത്മവിശ്വാസവും സലിം കുമാർ പ്രകടിപ്പിച്ചു. യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ശിഷ്യനായ രമേശ് പിഷാരടി പാലക്കാട് നിന്ന് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കലാകാരന്മാരെ അധിക്ഷേപിക്കുന്നവർക്ക് ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന സർക്കാരിന്റെ അവകാശവാദങ്ങളെയും സലിം കുമാർ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിലെ ‘തള്ളലുകളെ’ കുറിച്ചും മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന കായികമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചും അദ്ദേഹം കഥകളിലൂടെ വിമർശനം ഉന്നയിച്ചു. വി.ഡി. സതീശനെ വെറുമൊരു എംഎൽഎ ആയിട്ടല്ല, കേരളത്തെ നയിക്കേണ്ട നേതാവായി കണ്ട് വോട്ട് നൽകി വിജയിപ്പിക്കണമെന്നും സലിം കുമാർ വോട്ടർമാരോട് അഭ്യർത്ഥിച്ചു.