‘പ്രതിഛായ’യിൽ പിണറായി പ്രിയം ഉണ്ടാകുമോ? രാഷ്ട്രീയ ചർച്ചകളിൽ നിലപാട് വ്യക്തമാക്കി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിഛായ’ നാളെ തിയറ്ററുകളിൽ എത്താനിരിക്കെ, ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടിയുമായി സംവിധായകൻ. ചിത്രം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനിടെ, ഇടതുപക്ഷ സഹയാത്രികനായ ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ചിത്രത്തിൽ ‘പിണറായി പ്രിയം’ ഉണ്ടാകുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്.

രാഷ്ട്രീയ ദർശനങ്ങൾ കടന്നുവരാതെ ഒരു സിനിമ ചെയ്യാൻ സാധിക്കില്ലെന്നും രാഷ്ട്രീയം ഇല്ലെന്ന് പറയുന്നവരുടെ സിനിമയിൽ പോലും ഒരു രാഷ്ട്രീയമുണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ ഇതിനെ ഏതെങ്കിലും ഒരു രാഷ്ട്രീയ ബിംബവുമായോ പാർട്ടിയുമായോ കൂട്ടിക്കെട്ടേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം എന്ന് പറയുന്നതിനെ എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയനുമായോ സർക്കാരുമായോ മാത്രം ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

താൻ വിദ്യാർത്ഥിക്കാലം മുതൽ മാർക്സിസ്റ്റ് പുസ്തകങ്ങൾ വായിച്ചു വളർന്ന ഒരാളാണെന്നും എന്നാൽ ഒരു സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ എല്ലാ രാഷ്ട്രീയക്കാരുമായും തനിക്ക് സൗഹൃദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനായാലും വി.ഡി. സതീശനായാലും ബിജെപിയിലെ കൃഷ്ണദാസായാലും തനിക്ക് സുഹൃത്തുക്കളാണെന്നും അതുകൊണ്ട് തന്നെ സിനിമയെ സിനിമയായി മാത്രം കണ്ടാൽ മതിയെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഫാമിലി ഇമോഷണൽ ഡ്രാമയാണ് ‘പ്രതിഛായ’യെന്നും അദ്ദേഹം വ്യക്തമാക്കി.