ആകെ ആസ്തി 84 രൂപ; ആഷ്‌ന തമ്പി കേരളത്തിലെ ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥി

ഏറ്റുമാനൂരിലെ എസ്‌യുസിഐ സ്ഥാനാര്‍ഥി ആഷ്‌ന തമ്പിയുടെ കൈവശം ആകെയുള്ളത് 84 രൂപ, സ്വന്തമായി ഭൂമിയില്ല, തൊഴിലില്ല. 26കാരിയായ ആഷ്‌ന സംസ്ഥാനത്ത് മത്സരിക്കുന്ന ആസ്തി കുറഞ്ഞ സ്ഥാനാര്‍ഥിയാണ്.

വെറും 40 രൂപ ആയിരുന്നു പത്രിക നല്‍കിയ ദിവസം കൈയില്‍ ഉണ്ടായിരുന്നത്. അക്കൗണ്ടില്‍ 44 രൂപയും. ഇതാണ് പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച ആസ്തി വിവരത്തിന്റെ വിശദാംശങ്ങള്‍.

മഹാരാജാസ് കോളജില്‍ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചതാണ് നേരത്തെയുള്ള തെരഞ്ഞെടുപ്പ് അനുഭവം. ജേണലിസം പി.ജി. ഡിപ്ലോമയുള്ള ആഷ്‌ന പാര്‍ട്ടിയുടെ മീഡിയ കോഓര്‍ഡിനേറ്റർ , പാർട്ടി ജില്ലാ കമ്മിറ്റി അംഗം, തിരുവാര്‍പ്പ് ലോക്കല്‍ കമ്മിറ്റി അംഗം, എ.ഐ.ഡി.എസ്.ഒ സംസ്ഥാന സെക്രട്ടേറിയേറ്റംഗം തുടങ്ങിയ ചുമതലകളും വഹിക്കുന്നു.

മുഴുവന്‍സമയ പാര്‍ട്ടി പ്രവര്‍ത്തകരാണ് എറണാകുളം അരയന്‍കാവ് സ്വദേശികളായ ആഷ്‌നയുടെ മാതാപിതാക്കളും.