ഇറാനുമായി ചർച്ചയ്ക്ക് തയ്യാറാണോ? ട്രംപിന് മറുപടിയുമായി ബൊമൻ ഇറാനി; ഒപ്പം സ്മൃതി ഇറാനിയും അരുണ ഇറാനിയും!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി (Iran) സമാധാന ചർച്ചകൾക്ക് ഒരുങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ, രസകരമായ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ബൊമൻ ഇറാനി. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ താനും സ്മൃതി ഇറാനിയും അരുണ ഇറാനിയും ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നാണ് താരം തമാശരൂപേണ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ട്രംപ് ഇറാനികളുമായി (Iranis) സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ബൊമൻ ഇറാനി തന്റെ ‘ഇറാനി’ വേരുകൾ മുൻനിർത്തി ഈ മറുപടി നൽകിയത്. “മിസ്റ്റർ ഡൊണാൾഡ് ട്രംപിന് ഇറാനികളോട് സംസാരിക്കണം എന്ന് കേട്ടു. അതിനായി മൂന്ന് പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്- സ്മൃതി ഇറാനി, അരുണ ഇറാനി, പിന്നെ ഞാനും. സമാധാനത്തിന് വേണ്ടി എന്ത് ചെയ്യാനും ഞങ്ങൾ തയ്യാറാണ്,” എന്ന് ബൊമൻ ഇറാനി വീഡിയോയിൽ പറയുന്നു.

എന്നാൽ താൻ ചർച്ചയ്ക്കായി വാഷിംഗ്ടണിലേക്ക് പോകില്ലെന്നും ട്രംപിന്റെ പ്രതിനിധി സംഘം ദാദറിലെ പാഴ്സി കോളനിയിലേക്ക് വരണമെന്നും താരം നിബന്ധന വെക്കുന്നുണ്ട്. അവിടെയെത്തിയാൽ അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണമായ ‘ധൻസാക്കും’ ‘കസ്റ്റാർഡും’ നൽകി സൽക്കരിക്കുമെന്നും അതോടെ എല്ലാം ശുഭകരമാകുമെന്നും ബൊമൻ തമാശയായി കൂട്ടിച്ചേർത്തു. ഗൗരവകരമായ രാഷ്ട്രീയ സാഹചര്യത്തെ ഹാസ്യത്തിലൂടെ സമീപിച്ച താരത്തിന്റെ ഈ വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്.