‘പേനയിൽ വെടിമരുന്നുള്ള എഴുത്തുകാരൻ’; ബി. ഉണ്ണികൃഷ്ണനെയും ‘പ്രതിഛായ’യെയും പ്രശംസിച്ച് ഷാജി കൈലാസ്

മലയാള സിനിമയിലെ മികച്ച പൊളിറ്റിക്കൽ ഡ്രാമകളുടെ പട്ടികയിൽ ‘പ്രതിഛായ’ എന്ന ചിത്രം എന്നും മുൻനിരയിലുണ്ടാകുമെന്ന് സംവിധായകൻ ഷാജി കൈലാസ്. ഇത് വെറുമൊരു സിനിമയല്ല, മറിച്ച് കേരള രാഷ്ട്രീയത്തിന്റെ യഥാർത്ഥ പ്രതിബിംബമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം തനിക്ക് നൽകിയ വലിയ സന്തോഷത്തെക്കുറിച്ചും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ബി. ഉണ്ണികൃഷ്ണനുമായുള്ള തന്റെ ആദ്യകാല കൂടിക്കാഴ്ചയെക്കുറിച്ചും ഷാജി കൈലാസ് ഓർത്തെടുത്തു. “ആദ്യമായി കാണുമ്പോൾ ഒരു മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ ഛായയായിരുന്നു അദ്ദേഹത്തിന്. എന്നാൽ അയാളുടെ പേനയിൽ വെടിമരുന്നുണ്ടായിരുന്നു,” ഷാജി കൈലാസ് പറഞ്ഞു. ‘ജലമർമ്മരം’ എന്ന ചിത്രം കണ്ടാണ് ഉണ്ണികൃഷ്ണനിലെ എഴുത്തുകാരനെ താൻ തിരിച്ചറിഞ്ഞതെന്നും തുടർന്ന് തന്റെ സിനിമയായ ‘ശിവ’ത്തിന്റെ തിരക്കഥാകൃത്തായി അദ്ദേഹത്തെ നിർദ്ദേശിക്കുകയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ഉണ്ണികൃഷ്ണൻ എന്ന സംവിധായകനും സംഘാടകനും കൈവരിച്ച വളർച്ചയിൽ തനിക്ക് വലിയ അഭിമാനമുണ്ടെന്ന് ഷാജി കൈലാസ് വ്യക്തമാക്കി. ‘ശിവം’, ‘ടൈഗർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഉണ്ണികൃഷ്ണൻ തന്റെ വിജയങ്ങളിൽ പങ്കാളിയായതും അദ്ദേഹത്തെ മാക്ടയിലേക്കും പിന്നീട് ഫെഫ്കയുടെ നേതൃനിരയിലേക്കും എത്തിച്ചതും അദ്ദേഹം വൈകാരികമായി പങ്കുവെച്ചു. സദസ്സിനെ തന്റെ വാക്കുകൾ കൊണ്ട് കീഴടക്കാൻ ഉണ്ണിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രതിഛായ’യിലെ ആൾക്കൂട്ട രംഗങ്ങൾ കണ്ടപ്പോൾ തന്റെ സിനിമകൾ കാണുന്ന ആവേശമാണ് തോന്നിയതെന്ന് ഷാജി കൈലാസ് പറഞ്ഞു. പ്രേക്ഷകരുടെ മനസ്സ് വായിക്കാനുള്ള ഉണ്ണികൃഷ്ണന്റെ കഴിവിനുള്ള ഉത്തമ ഉദാഹരണമാണ് ഈ സിനിമ. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറുകളിൽ ഒന്നായി കാലം ഈ ചിത്രത്തെ അടയാളപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു.