
യുവനടിയുടെ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്. രഞ്ജിത്തിനെതിരെ ആദ്യമായല്ല സ്ത്രീവിഷയത്തിൽ പരാതികൾ ഉയരുന്നതെന്നും, ഭരണകക്ഷിയോട് ചേർന്നുനിൽക്കുന്ന വ്യക്തിയായതിനാൽ മുൻപ് പോലീസ് മൃദുസമീപനമാണ് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് രഞ്ജിത്തിനെ പോലീസ് ‘പൊക്കിയത്’ ഭരണമാറ്റത്തിന്റെ സൂചനയാണെന്നും ഗോപൻ മങ്ങാട്ട് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പരിഹസിച്ചു.
താൻ മുൻപ് ജയിലിൽ കിടന്ന അനുഭവം പങ്കുവെച്ചുകൊണ്ട് സബ് ജയിൽ ജീവിതത്തിലെ ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം രഞ്ജിത്തിന് മുന്നറിയിപ്പ് നൽകി. “സബ് ജയിൽ ജീവിതം വളരെ ശോകമാണ്. ഏഴ് പേർ കിടക്കേണ്ട സെല്ലിൽ ഇരുപതിലധികം പേരുണ്ടാകും. കഞ്ചാവിന്റെയും ബീഡിയുടെയും പുകയും സഹിക്കാനാവാത്ത ചൂടും കൊതുകും കാരണം തല ചെകിടിക്കും,” ഗോപൻ മങ്ങാട്ട് വിവരിച്ചു. ടോയ്‌ലറ്റുകൾക്ക് വാതിൽ ഉള്ളതും ഇല്ലാത്തതും ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലിലേക്ക് ചെല്ലുമ്പോൾ തന്നെ മറ്റ് തടവുകാരുടെ ഭാഗത്തുനിന്ന് ‘നടയടി’യും തെറിവിളിയും ഉറപ്പാണെന്നും താരം പറഞ്ഞു. “ഞങ്ങൾ രാഷ്ട്രീയ തടവുകാരായതുകൊണ്ട് തെറിവിളിയിൽ മാത്രം ഒതുക്കി. പക്ഷേ പെണ്ണ് കേസിൽ എത്തുന്നവർക്ക് ഈ ഔദാര്യം കിട്ടുമോ എന്ന് സംശയമാണ്. അതുകൊണ്ട് 76 മുതലുള്ള എസ്എഫ്ഐ പാരമ്പര്യം അവിടെ വിളിച്ചുകൂവി വെറുതെ തല്ലിന്റെ എണ്ണം കൂട്ടണ്ട,” എന്ന് ഗോപൻ മങ്ങാട്ട് രഞ്ജിത്തിനെ ഉപദേശിച്ചു.
മുൻപ് ഗോതമ്പ് ഉണ്ടയായിരുന്നു ഭക്ഷണമായി നൽകിയിരുന്നതെങ്കിൽ ഇപ്പോൾ അത് ചപ്പാത്തിയായി മാറിയിട്ടുണ്ടെന്നത് മാത്രമാണ് ഒരാശ്വാസമെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പോലീസിന്റെ ഈ ചടുലമായ നീക്കം ഭരണവിരുദ്ധ തരംഗത്തിന്റെ സൂചനയാണെന്നും ഇനി എക്സിറ്റ് പോളുകളുടെ ആവശ്യമില്ലെന്നും അദ്ദേഹം കുറിച്ചു. ‘ലാൽ സലാം’ പറഞ്ഞുകൊണ്ടാണ് ഗോപൻ മങ്ങാട്ട് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.











