
ഹൃദയാഘാതത്തെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെല്ലൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ ആറു മാസത്തെ ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. രാജേഷിന്റെ സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വെല്ലൂരിലെ നാലുചുമരുകൾക്കുള്ളിലെ ചികിത്സയേക്കാൾ സ്വന്തം നാട്ടിലെ പച്ചപ്പും പ്രിയപ്പെട്ടവരുടെ സാമീപ്യവും രാജേഷിന് വേഗത്തിൽ സുഖം പ്രാപിക്കാൻ സഹായിക്കുമെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെത്തുടർന്നാണ് ഈ തീരുമാനം.
തിരുവനന്തപുരത്തെത്തിയ ശേഷം കിംസ് (KIMS) ആശുപത്രിയിൽ കുറച്ചുദിവസം കൂടി ചികിത്സ തുടരുകയും പിന്നീട് വീട്ടിൽ വെച്ച് തുടർചികിത്സകൾ ഏകോപിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വെല്ലൂർ സിഎംസി ആശുപത്രിയിലെ പിഎംആർ (PMR) ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന സങ്കീർണ്ണമായ ചികിത്സാരീതികൾ രാജേഷിന്റെ ആരോഗ്യനിലയിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇത് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും ഇതേ രീതിയിലുള്ള ചികിത്സകൾ നാട്ടിലും തുടരുമെന്നും പ്രതാപ് വ്യക്തമാക്കി.
രാജേഷിന്റെ ചികിത്സാ കാര്യങ്ങളിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നൽകിയ വലിയ പിന്തുണയെക്കുറിച്ച് പ്രതാപ് കുറിപ്പിൽ പ്രത്യേകം പരാമർശിച്ചു. തിരക്കുകൾക്കിടയിലും ഒരു ദിവസം മുഴുവൻ രാജേഷിനൊപ്പം ചെലവഴിച്ച അദ്ദേഹം, ഡോക്ടർമാരുടെ പാനലുമായി സംസാരിച്ച് ചികിത്സാ കാര്യങ്ങൾ ഏകോപിപ്പിച്ചു. സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും കൂടാതെ ആർ. ശ്രീകണ്ഠൻ നായർ, കൃഷ്ണമൂർത്തി എന്നിവരും വലിയ സഹായങ്ങൾ നൽകിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറുമാസക്കാലം രാജേഷിനെ ചേർത്തുപിടിച്ച സുഹൃത്തുക്കളോടും ചികിത്സാ ചിലവുകൾക്കായി സഹായിച്ച സുമനസ്സുകളോടും പ്രതാപ് നന്ദി അറിയിച്ചു. പഴയ സഹപ്രവർത്തകരും സഹപാഠികളും ആശുപത്രിയിലെത്തി രാജേഷിനെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയത് മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. “അവൻ തിരിച്ചുവരും, വന്നേ പറ്റൂ” എന്ന പ്രതീക്ഷയോടെ പ്രാർത്ഥനകൾ തുടരണമെന്നും ഇനിയും എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും പ്രതാപ് തന്റെ കുറിപ്പിൽ അഭ്യർത്ഥിച്ചു.











