വിഷുവിനോടൊപ്പം ‘മധുവിധു’; ഷറഫുദ്ദീൻ ചിത്രം ഏപ്രിൽ 17-ന് തിയേറ്ററുകളിലെത്തും

ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ‘മധുവിധു’ (Madhuvidhu) എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 17-ന് വിഷു റിലീസായാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിന് എത്തുന്നത്. നേരത്തെ മെയ് 1-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം രണ്ടാഴ്ച മുൻപേ പ്രേക്ഷകരിലേക്ക് എത്തുന്നു എന്നതാണ് പുതിയ വാർത്ത. ഒരു ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ഈ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മധുവിധുവിന്റെ മറ്റൊരു പ്രത്യേകത. സോഷ്യൽ മീഡിയയിൽ തന്റെ നൃത്തവീഡിയോകളിലൂടെ ശ്രദ്ധേയയായ കല്യാണിയുടെ സിനിമയിലേക്കുള്ള വരവ് ആരാധകർ വലിയ താല്പര്യത്തോടെയാണ് നോക്കിക്കാണുന്നത്. അഞ്ച് പുരുഷന്മാർ മാത്രമുള്ള ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് നേരത്തെ പുറത്തിറങ്ങിയ ടീസറിൽ നിന്നും വ്യക്തമായിരുന്നു.

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവർ സഹനിർമ്മാതാക്കളാണ്. ഹൃദയം, ഖുഷി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുൾ വഹാബാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘മെല്ലവേ മെല്ലവേ’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായിട്ടുണ്ട്.