‘അമ്മയുടെ വിശ്വാസത്തെ തടയാൻ ഞാൻ ആര്?’; സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി പ്രകാശ് രാജ്

തന്റെ മാതാവ് സുവർണ്ണലതയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ശക്തമായ മറുപടിയുമായി നടൻ പ്രകാശ് രാജ്. താനൊരു നിരീശ്വരവാദിയാണെന്ന് അവകാശപ്പെടുമ്പോഴും അമ്മയുടെ സംസ്കാരം ക്രൈസ്തവ ആചാരപ്രകാരം നടത്തിയത് ഇരട്ടത്താപ്പാണെന്ന തരത്തിലായിരുന്നു സൈബർ ആക്രമണം. ഇതിനോട് “അമ്മയുടെ വിശ്വാസത്തെ മാനിക്കുക എന്നത് അടിസ്ഥാനപരമായ മര്യാദയാണ്” എന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്.

താൻ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന കാര്യം സത്യമാണെന്നും എന്നാൽ തന്റെ അമ്മയ്ക്ക് അവരുടെ ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നുവെന്നും പ്രകാശ് രാജ് എക്സിലൂടെ (ട്വിറ്റർ) പ്രതികരിച്ചു. “അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കപ്പെടാനുള്ള അവരുടെ അവകാശത്തെ തടയാൻ ഞാൻ ആര്? നമ്മൾ പരസ്പരം നൽകേണ്ട അടിസ്ഥാനപരമായ ബഹുമാനമാണിത്. വെറുപ്പ് പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസ്സിലാകുമോ?” എന്ന് അദ്ദേഹം കുറിച്ചു. 86 വയസ്സുകാരിയായ സുവർണ്ണലത വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മാർച്ച് 29-നാണ് അന്തരിച്ചത്. മാർച്ച് 31-ന് ബെംഗളൂരുവിലെ സെന്റ് മൈക്കിൾസ് ചർച്ചിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.

അമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയവർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ദുഃഖകരമായ ഈ സാഹചര്യത്തിലും തനിക്കെതിരെ വ്യാജ സന്ദേശങ്ങളും വെറുപ്പും പ്രചരിപ്പിക്കുന്നവരെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുൻപ് നൽകിയ അഭിമുഖങ്ങളിൽ താൻ നിരീശ്വരവാദിയാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, വീട്ടിലെ മറ്റുള്ളവരുടെ വിശ്വാസങ്ങളിൽ താൻ ഇടപെടാറില്ലെന്നും അവരുടെ ചടങ്ങുകളിൽ പങ്കുചേരാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആ നിലപാട് തന്നെയാണ് അമ്മയുടെ അവസാന ചടങ്ങുകളിലും അദ്ദേഹം സ്വീകരിച്ചത്.