പുറത്ത് പ്രളയം, അകത്ത് സ്രാവും മുതലയും; ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണാൻ രണ്ട് സർവൈവൽ ത്രില്ലറുകൾ

നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന രണ്ട് മികച്ച സർവൈവൽ ത്രില്ലറുകളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഏപ്രിൽ റിലീസായി എത്തിയ ‘തൂ യാ മേം’ (Tu Ya Main), ‘ത്രാഷ്’ (Thrash) എന്നീ ചിത്രങ്ങൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയാവുകയാണ്. മലയാളി സംവിധായകൻ ബിജോയ് നമ്പ്യാർ ബോളിവുഡിൽ ഒരുക്കിയ ചിത്രമാണ് ‘തൂ യാ മേം’. ടോമി വീർക്കൂല സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമാണ് ‘ത്രാഷ്’. രണ്ട് ചിത്രങ്ങളും മനുഷ്യർ അപ്രതീക്ഷിതമായ സാഹചര്യങ്ങളിൽ നരഭോജി ജീവികൾക്കിടയിൽ പെട്ടുപോകുന്നതും തുടർന്നുണ്ടാകുന്ന അതിജീവനവുമാണ് പ്രമേയമാക്കിയിരിക്കുന്നത്.

മുംബൈയിലെ ചേരിയിൽ നിന്ന് വലിയൊരു റാപ്പറാകാൻ സ്വപ്നം കാണുന്ന ‘ഫ്ലോ’ എന്ന മാരുതി കദവും, ‘മിസ് വാനിറ്റി’ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസർ ആവ്നിയും തമ്മിലുള്ള പ്രണയവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ‘തൂ യാ മേം’ പറയുന്നത്. ഗോവയിലേക്കുള്ള യാത്രയ്ക്കിടയിൽ കനത്ത മഴയിൽ പെട്ടുപോകുന്ന ഇവർ ഒരു ഹോട്ടലിൽ അഭയം തേടുന്നു. എന്നാൽ അവിടെ അവരെ കാത്തിരുന്നത് രണ്ട് നരഭോജി മുതലകളായിരുന്നു. ആദർശ് ഗൗരവ്, ഷനായ കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഉദ്വേഗജനകമായ നിമിഷങ്ങളാൽ സമ്പന്നമാണ്.

മറുഭാഗത്ത്, ‘ത്രാഷ്’ എന്ന ഹോളിവുഡ് ചിത്രം സൗത്ത് കാരലൈനയിലെ ‘ഹെൻറി ചുഴലിക്കാറ്റിന്റെ’ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രളയത്തിനൊപ്പം കടൽ ഭിത്തി തകർന്ന് നഗരത്തിലേക്ക് ഇരച്ചുകയറിയത് ചോരക്കൊതിയന്മാരായ സ്രാവുകളായിരുന്നു. വീടിനുള്ളിൽ കുടുങ്ങിപ്പോയ ഒരു കുടുംബം ഉയരുന്ന വെള്ളത്തിനിടയിൽ സ്രാവുകളിൽ നിന്ന് രക്ഷപ്പെടാൻ നടത്തുന്ന പോരാട്ടമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. സർവൈവൽ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടും നിരാശ നൽകാത്ത മികച്ച കാഴ്ചാനുഭവങ്ങളാണ് ഈ രണ്ട് സിനിമകളും സമ്മാനിക്കുന്നത്.