
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ നടൻ ഷിയാസ് കരീമിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. യുവതിയെ ഭീഷണിപ്പെടുത്തുന്നതും പണം ആവശ്യപ്പെടുന്നതുമായ ശബ്ദരേഖകളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. “നീ ചുമ്മാ കൊഞ്ചല്ലേ, മരണം വരെ ഞാൻ കൂടെയുണ്ടാകും, പണം ഒരുമിച്ച് തന്നാൽ മതി” തുടങ്ങിയ പരാമർശങ്ങൾ അടങ്ങിയ ഓഡിയോ സന്ദേശങ്ങളാണ് കേസിലെ നിർണ്ണായക തെളിവുകളായി മാറിയിരിക്കുന്നത്.
പാലാരിവട്ടം പോലീസിൽ യുവതി നൽകിയ പരാതി പ്രകാരം, ഏകദേശം 65 ലക്ഷത്തോളം രൂപ ഷിയാസ് തട്ടിയെടുത്തതായാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ സ്വകാര്യ ദൃശ്യങ്ങൾ പോൺ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കുമെന്ന് താരം ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ജിം തുടങ്ങാനെന്ന പേരിലും മറ്റും പലപ്പോഴായി പണം വാങ്ങിയതായും, ഇത് ചോദിക്കുമ്പോൾ ക്രൂരമായ മർദനവും ഭീഷണിയുമാണ് നേരിടേണ്ടി വന്നതെന്നും യുവതി വെളിപ്പെടുത്തി.
ഇൻസ്റ്റാഗ്രാം ചാറ്റുകളും ബാങ്ക് ഇടപാടുകളുടെ രേഖകളും സഹിതമാണ് യുവതി പോലീസിനെ സമീപിച്ചിരിക്കുന്നത്. മുൻപും സമാനമായ രീതിയിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി ഷിയാസിനെതിരെ ഉയർന്നിരുന്നു. നിലവിൽ ലഭിച്ച ശബ്ദരേഖകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് പോലീസിന്റെ നീക്കം. താരത്തിനെതിരെയുള്ള അന്വേഷണം ഊർജിതമാക്കിയതായും കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടായേക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.











