
തമിഴ് നടൻ രവി മോഹൻ (ജയം രവി) തനിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി ഭാര്യ ആർതിയുടെ അമ്മയും പ്രശസ്ത നിർമാതാവുമായ സുജാത വിജയകുമാർ. ഒരു വർഷമായി കോടതിയുടെ പരിഗണനയിലിരിക്കുന്ന വ്യക്തിപരമായ കാര്യങ്ങളാണ് രവി മോഹൻ ഇപ്പോൾ വാർത്താസമ്മേളനത്തിലൂടെ പരസ്യമാക്കിയിരിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെ കരയാനോ വൈകാരിക പ്രകടനങ്ങൾ നടത്താനോ താൻ ഉദ്ദേശിക്കുന്നില്ലെന്നും സുജാത വ്യക്തമാക്കി.
തന്റെ പണം സ്വന്തമായി ചിലവഴിക്കാൻ ആർതിയും കുടുംബവും സമ്മതിക്കുന്നില്ലെന്ന രവി മോഹന്റെ ആരോപണത്തെ സുജാത പൂർണ്ണമായി തള്ളിപ്പറഞ്ഞു. “ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുമ്പോൾ എന്റെ അക്കൗണ്ട്, നിന്റെ അക്കൗണ്ട് എന്നൊക്കെയുണ്ടോ?” എന്ന് അവർ ചോദ്യം ഉന്നയിച്ചു. കുട്ടികളെ കാണാൻ അനുവദിക്കുന്നില്ലെന്ന നടന്റെ വാദം തികച്ചും അസംബന്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ഒരു തമിഴ് നടി കാരണം കുടുംബജീവിതം തകർന്നു എന്ന രീതിയിൽ ഉയർന്ന ആരോപണങ്ങളെയും സുജാത ചോദ്യം ചെയ്തു.
നടന്റെ പെട്ടെന്നുള്ള ഈ വാർത്താസമ്മേളനം കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് സുജാത ചൂണ്ടിക്കാണിച്ചു. “എന്റെ പേരക്കുട്ടി ഇന്ന് പത്താം ക്ലാസ് പരീക്ഷ എഴുതുകയാണ്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ആ കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കുട്ടികൾ കാണാനും കേൾക്കാനും പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്,” സുജാത മനോവിഷമത്തോടെ പറഞ്ഞു. രവി മോഹൻ ഉന്നയിച്ച എല്ലാ ആരോപണങ്ങൾക്കും കൃത്യമായ നിയമോപദേശം തേടിയ ശേഷം ശക്തമായ മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.











