
മലയാളത്തില്‍ വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള മേഘ്‌ന രാജിന് ഇവിടെ ആരാധകരുണ്ടോയെന്ന കാര്യത്തില്‍ സംശയമാണ്. പക്ഷെ, മേഘ്‌നയ്‌ക്കൊരു പ്രതിസന്ധിഘട്ടം വന്നപ്പോള്‍ ധൈര്യം പകര്‍ന്ന് എല്ലാവരും താരത്തിനൊപ്പം നിന്ന കാഴ്ച എല്ലാവരും കണ്ടതാണ്. അകാലത്തില്‍ വിട പറഞ്ഞ മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണസമയത്ത് മേഘ്‌ന ഗര്‍ഭിണിയായിരുന്നു. പിന്നീട് മകന്‍ ജനിച്ചപ്പോള്‍ പിറന്നത് ചിരു തന്നെയാണെന്ന് മേഘ്‌ന ഉറച്ച് വിശ്വസിച്ചു. ഇപ്പോഴും മേഘ്‌നയുടേയും മകന്റെയും വിശേഷങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മകനെ കുറിച്ചും ചിരുവിന്റെ മരണത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം ഇപ്പോള്‍.

മേഘ്‌നയുടെ വാക്കുകള്‍- അതുവരെ സങ്കടപ്പെട്ടതിനെല്ലാം മറുപടിയായാണ് റായന്‍ വന്നത് എന്നു പറയാം. റായന്‍ രാജ് സര്‍ജ എന്നാണ് മോന്റെ മുഴുവന്‍ പേര്. രാജാവ് എന്നാണ് റായന്‍ എന്നതിനര്‍ഥം. ചിരു മരിക്കുമ്പോള്‍ ഞാന്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. പിന്നീട് ഓരോ നിമിഷവും ചിരു വീണ്ടും ജനിക്കുമെന്ന മട്ടില്‍ ആരാധകരുടെ മെസേജുകളും പോസ്റ്റുകളും കമന്റുകളുമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. പ്രസവം കഴിഞ്ഞ് കുഞ്ഞിനെ കയ്യില്‍ വാങ്ങിയപ്പോള്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞത്, ‘ആണ്‍കുട്ടിയല്ല എന്നു പറയല്ലേ’ എന്നാണ്. എന്നെ പറ്റിക്കാനായി ഡോക്ടര്‍ കുറച്ച് സസ്‌പെന്‍സ് ഇട്ടു. മോനെ ആദ്യമായി കയ്യില്‍ വാങ്ങിയ നിമിഷം ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അത്രമാത്രം ‘ജൂനിയര്‍ ചിരു’ എന്ന് ആരാധകര്‍ പറയുന്നത് കേട്ടിരുന്നു.മോന്റെ ഓരോ ഫോട്ടോയ്ക്കു താഴെയും ചിരുവിനെ കുറിച്ച് എഴുതുന്ന കമന്റ്‌സ് കാണാം. ഫോട്ടോഷൂട്ടൊക്കെ റായനും ഇഷ്ടമാണ്. പക്ഷേ, ക്യാമറ കാണുമ്പോള്‍ കുറച്ച് ആറ്റിറ്റിയൂഡ് ഇടും. എല്ലാ ദിവസവും എഴുന്നേല്‍പ്പിച്ച് മോനെ ചിരുവിന്റെ ഫോട്ടോയുടെ മുന്നില്‍ കൊണ്ടുപോയി അപ്പയെ കാണിച്ചു കൊടുക്കും. നാലോ അഞ്ചോ മാസം മുതലുള്ള ശീലമാണത്. അങ്ങനെയിരിക്കെ ഒരു ദിവസം ടിവിയില്‍ ചിരുവിന്റെ പാട്ടു കണ്ട് റായന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ എവിടെ കണ്ടാലും അപ്പ എന്നു പറഞ്ഞ് അവന്‍ എക്‌സൈറ്റഡ് ആകും. മറ്റൊരു തമാശ കൂടിയുണ്ട് കേട്ടോ. അമ്മ എന്നോ അപ്പ എന്നുമല്ല, താത്ത എന്നാണ് മോന്‍ ആദ്യം വിളിച്ചു തുടങ്ങിയത്. എന്റെ അച്ഛനാണ് അവന്റെ ബെസ്റ്റ് ഫ്രണ്ട്.
ഷൂട്ടിങ് ഉള്ള ദിവസം ചിരുവിനെ കൃത്യമായി ലൊക്കേഷനിലേക്കു വിടുന്നത് എന്റെ ജോലിയായിരുന്നു. കുട്ടികളെ സ്‌കൂളില്‍ വിടുന്നതു പോലെയാണത്. രാത്രി എത്ര വേണമെങ്കിലും ഉറങ്ങാതിരുന്ന് സിനിമ കാണും. പക്ഷേ, രാവിലെ ഓരോ പ്രാവശ്യം വിളിക്കുമ്പോഴും പത്തു മിനിറ്റ് കൂടി എന്നു പറഞ്ഞ് കണ്ണടച്ചു കിടക്കും.
ആ ദിവസം ചിരുവിന് ഷൂട്ടിങ് ഇല്ലായിരുന്നു. തലേദിവസം വൈകി കിടന്നതിനാല്‍ എഴുന്നേറ്റതു താമസിച്ചാണ്. ഫ്രഷ് ആയി വന്ന പാടേ ബോധം കെട്ടു വീണതാണ് ഞങ്ങള്‍ കണ്ടത്. ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ കാറില്‍ കയറ്റുന്നതിനിടെ ചിരുവിന് ബോധം വന്നു. ‘കുട്ടിമാ, ടെന്‍ഷനടിക്കല്ലേ, എനിക്കൊന്നുമില്ല’ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഗര്‍ഭിണിയായ ഞാന്‍ കൂടെയുള്ളപ്പോള്‍ സ്പീഡില്‍ കാറോടിക്കുന്നതിന് ഡ്രൈവറോട് ദേഷ്യപ്പെട്ടു. പിന്നെ, ഒരു ദീര്‍ഘനിശ്വാസത്തോടെ ചിരു കണ്ണടച്ചു. എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കാഷ്വാലിറ്റിയില്‍ വച്ച് ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ട് ആദ്യം പറഞ്ഞത് ‘പള്‍സ് ഇല്ല’ എന്നാണ്. ഫിറ്റ്‌നസില്‍ വളരെ ശ്രദ്ധിച്ചിരുന്ന ചിരുവിന്റെ ജീവനെടുത്ത ഹാര്‍ട്ട് അറ്റാക്കിനു കാരണം എന്തെന്ന് ഇപ്പോഴും ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടില്ല. ഒരു രോഗവും ചിരുവിനില്ലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഞാനും ഗൂഗിളില്‍ അതുതന്നെയാണ് തിരഞ്ഞുകൊണ്ടിരുന്നത്. ഒടുവില്‍ എന്റെ അവസ്ഥ കണ്ട് ഡോക്ടര്‍ തന്നെയാണ് അതു വിലക്കിയത്.











