വില്ലന്‍ സിനിമയില്‍ മാത്രം, പ്രകാശ് രാജിന് മുന്നില്‍ തല കുനിച്ച് ലോകം

എല്ലാ സിനിമകളിലും വില്ലന്‍ വേഷത്തിലെത്തുന്ന താരമാണ് പ്രകാശ് രാജ്. ഇപ്പോഴിതാ ജീവിതത്തില്‍ താനൊരു ഹീറോയാണെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ലോകം അറിഞ്ഞത്.

സംഭവം ഇങ്ങനെ – ആന്ധ്രപ്രദേശിലുള്ള രാജമുന്ദ്രി സ്വാദേശിനിയായ ടി. ശ്രീചന്ദന എന്ന അനാഥയും ദളിതയും ആയ വിദ്യാര്‍ത്ഥിനി പഠന കാര്യത്തില്‍ മിടുക്കിയായിരുന്നു. ബി എസ് സി പൂര്‍ത്തിയാക്കിയതിന് ശേഷം യുകെയില്‍ പോയി ഉപരിപഠനം നടത്താണെമെന്നായിരുന്നു അവളുടെ ആഗ്രഹം. സ്‌കോളര്‍ഷിപ്പോടെയാണ് ശ്രീചന്ദന ബിഎസ്സി പൂര്‍ത്തീകരിച്ചത്.


യുകെയിലുള്ള മൂന്നു പ്രസിദ്ധ യൂണിവേഴ്‌സിറ്റികളില്‍നിന്നും സ്‌കോളര്‍ഷിപ്പും കിട്ടി. എന്നാല്‍ തന്റെ ഇഷ്ട വിഷയമായ MA in Computer Science and Information Technology അവിടെയെത്തി താമസിച്ചു പഠിക്കുന്നതിനുള്ള സാമ്പത്തികം അവള്‍ക്കില്ലായിരുന്നു. പിന്നീട് ഒരു സംഘടന വഴിയുള്ള അവളുടെ സഹായാഭ്യര്‍ത്ഥന തമിഴ് സിനിമാ പ്രവര്‍ത്തകനായ നവീന്‍ മുഹമ്മദലിയുടെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം ഇതിനെക്കുറിച്ച് പ്രകാശ് രാജിനെ അറിയിക്കുകയുമായിരുന്നു. നിര്‍ദ്ധനര്‍ക്ക് സഹായവും നല്‍കുന്നതില്‍ സിനിമാലോകത്ത് മുന്നില്‍ നില്‍ക്കുന്ന വ്യക്തിയാണ് പ്രകാശ് രാജ്. പക്ഷേ താന്‍ സഹായം നല്‍കുന്നതിനെക്കുറിച്ച് പുറത്തു പറയാറുമില്ല. ശ്രീചന്ദനയുടെ വിവരമറിഞ്ഞ അദ്ദേഹം അതേപ്പറ്റി രഹസ്യമായി അന്വേഷിക്കുകയും വൈകാതെ തന്നെ കുട്ടിക്ക് ലണ്ടനില്‍ പോയി താമസിച്ചു പഠിക്കാനുമുള്ള സാമ്പത്തിക സഹായം ഏര്‍പ്പാടാക്കുകയും ആയിരുന്നു.
പിന്നീട് ശ്രീചന്ദന മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി യുകെയില്‍ത്തന്നെ തുടരുകയായിരുന്നു. ഈ വിവരം അറിഞ്ഞ പ്രകാശ് രാജ് ആ കുട്ടിക്ക് അവിടെ തുടരുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുകയായിരുന്നു. ഈ വിവരങ്ങളെല്ലാം നവീന്‍ മുഹമ്മദ് ട്വിറ്റര്‍ വഴി പുറം ലോകത്തെ അറിയിക്കുകയായിരുന്നു. ഇങ്ങനെയാണ് ഇതിന് കൂടുതല്‍ വാര്‍ത്താ പ്രധാന്യം ഉണ്ടാകുന്നത്.