മഹാ നടൻ രതീഷ് ഓർമ്മയായിട്ട് ഇന്നേയ്ക്ക് 19 വർഷം…

രതീഷ് വേഴാമ്പൽ എന്ന ചിത്രത്തിലൂടെ കടന്നു വന്നു എങ്കിലും ശ്രദ്ധേയനായത് 1979 ഇൽ ഇറങ്ങിയ K G ജോർജിന്റെ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നീട് ചാമരം, വളർത്തു മൃഗങ്ങൾ, മുന്നേറ്റം, സംഘർഷം, തൃഷ്ണ തുടങ്ങി ധാരാളം സിനിമകളിൽ നായകതുല്യനോ സഹനടനോ ആയി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 1981 ൽ ഇറങ്ങി ഐ വി ശശി സംവിധാനം ചെയ്ത തുഷാരം എന്ന ബിഗ് ബജറ്റ്ചിത്രം അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. കശ്മീർ പശ്ചാത്തലമാക്കി ചിത്രീകരിച്ച തുഷാരം അന്തരിച്ച നടൻ ജയന് വേണ്ടി തയ്യാറാക്കിയ തിരക്കഥയായിരുന്നു. അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണം ആ റോൾ രതീഷിനു ലഭിക്കാൻ ഇടയാക്കി . ക്യാപ്റ്റൻ രവീന്ദ്രൻ എന്ന കഥാപാത്രത്തെ രതീഷ് ഗംഭീരമാക്കി. ഒരു സൂപ്പർസ്റ്റാർ ലെവെലിലുള്ള സ്വീകരണം പ്രേക്ഷകരിൽനിന്നു ലഭിച്ചു. പല മാധ്യമങ്ങളും ജയന് ശേഷം ആര് എന്നതിനുള്ള ഉത്തരമായി രതീഷിനെ പ്രതിഷ്ഠിച്ചു. ശേഷം മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളിൽ നായകനും, ഉപനായകനുമായി ധാരാളം വേഷങ്ങൾ ചെയ്തു.

എന്നാൽ തനിക്ക് ലഭിച്ച കുതിപ്പ് കരുതലോടെ പ്രയോജനപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. തിരക്കഥയുടെ നിലവാരമോ, തന്റെ വേഷത്തിന്റെ പ്രാധാന്യമോ ഒന്നും നോക്കാതെ നായകനായും, ഉപനായകനായും കിട്ടിയ വേഷങ്ങൾ വാരിവലിച്ചു ചെയ്തു കൂട്ടി. B, C ഗ്രയിഡ് നിലവാരത്തിലുള്ള സിനിമകളിൽ പോലും നായകനായി. ആകാരം കൊണ്ടും, സൗന്ദര്യം കൊണ്ടും, അഭിനയ ശേഷി കൊണ്ടും ഒട്ടും മോശക്കരാനല്ലായിരുന്ന രതീഷിന് താൻ താരമായ ശേഷം നായക വേഷങ്ങൾ ചെയ്തു തുടങ്ങിയ മമ്മൂട്ടിയും, മോഹൻലാലുമൊക്കെ സൂപ്പർ താരങ്ങളായി വളരുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അവരുടെയൊക്കെ സിനിമകളിൽ ഉപനായക – വില്ലൻ ടൈപ്പ് വേഷങ്ങൾ ചെയ്യാൻ തുടങ്ങി. മമ്മൂട്ടിക്ക് ജോഷി, ഡെന്നീസ്, സാജൻ..etc. അതുപോലെ മോഹൻലാലിന് പ്രിയൻ, തമ്പി കണ്ണന്താനം, ശ്രീനിവാസൻ..etc. ഒക്കെപ്പോലെ സ്വന്തമായി ഒരു കോക്കസ് ഉണ്ടാക്കി എടുക്കുന്നതിലും രതീഷ് പരാജയപ്പെട്ടു. എന്നാലും നന്മയുള്ള, സുഹൃത്ത് ബന്ധത്തിന് എന്തിനേക്കാളും പ്രധാന്യം കൊടുക്കുന്ന നല്ല മനുഷ്യനായ രതീഷിന് മിക്ക പ്രമുഖരും മികച്ച കഥാപാത്രങ്ങൾ നൽകി. തൊണ്ണൂറുകളുടെ തുടക്കത്തിൽ കുറച്ച് വർഷം അഭിനയത്തിൽ നിന്ന് വിട്ടുനിന്ന രതീഷ് അയ്യർ ദി ഗ്രേറ്റ് ഉൾപ്പെടെ ചില സിനിമകൾ നിർമ്മിച്ചു.

വൻ സാമ്പത്തിക നഷ്ടമായിരുന്നു അദ്ദേഹം നിർമ്മാണ രംഗത്ത് അഭിമുഖീകരിച്ചത്. എന്നാൽ 1994 ൽ ഷാജി കൈലാസിന്റെ കമ്മീഷണർ എന്ന ചിത്രത്തിലെ മോഹൻ തോമസ് എന്ന നായകന് ഒത്ത എതിരാളിയായ വില്ലനായി അദ്ദേഹം തിരിച്ച് വന്നു. മലയാളത്തിലെ ഗംഭീര വില്ലൻ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ നിന്ന് മോഹൻ തോമസിനെ ഒഴിവാക്കാൻ ഒരിക്കലും കഴിയില്ല. അത്രത്തോളം ഇംപാക്ട് പ്രേക്ഷകരിൽ ഉണ്ടാക്കിയ കഥാപാത്രമായിരുന്നു അത്. പക്ഷേ അതിന് ശേഷം അദ്ദേഹത്തിന് അത്രത്തോളം മികച്ച ഒരു വേഷം ലഭിച്ചില്ല. കശ്മീരം, അഗ്നിദേവൻ, രാവണപ്രഭു തുടങ്ങിയ കുറച്ച് സിനിമകളിൽ കുറെ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത രതീഷ് 2002 ഡിസംബർ 23 ന് ഇൗ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹം ഓർമ്മയായിട്ട് ഇന്നേയ്ക്ക് 19 വർഷം തികയുന്നു.