
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നടന്മാരുടെ സ്ഥാനത്തേക്ക് എത്തിയ താരമാണ് ടോവിനോ തോമസ്. അതിന് പിന്നില്‍ സിനിമ എന്ന അടങ്ങാത്ത തന്റെ ആഗ്രഹവും ത്യാഗവും ഉണ്ട് എന്ന് ടോവിനോ തന്നെ പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്റെ സിനിമാ ജീവിതം തന്നെ മാറ്റി മറിച്ച കള എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മരണത്തെ മുഖാമുഖം കണ്ടതിനെ പറ്റിയാണ് ഇപ്പോള്‍ താരം മനസ്സ് തുറക്കുന്നത്.

ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടോവിനോ ഇതേ കുറിച്ച് സംസാരിച്ചത്. താരത്തിന്റെ വാക്കുകളിലേക്ക്….
‘കളയുടെ ഷൂട്ടിംഗിനിടെ പരുക്ക് പറ്റി രണ്ട് ദിവസം ഐസിയുവില്‍ കിടന്ന സമയം. ആ സീലിംഗ് നോക്കി കിടക്കുമ്പോള്‍ എനിക്ക് ചിന്തിക്കാന്‍ ഒരുപാട് സമയം കിട്ടി. അന്ന് വേറൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വായിക്കാന്‍ പുസ്തകം പോലുമുണ്ടായിരുന്നില്ല. തുടക്കത്തിലെ കുറച്ച് മണിക്കൂറുകള്‍ ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടു. വലിയൊരു മുറിയില്‍ ഞാന്‍ ഒറ്റയ്ക്ക്. പെയിന്‍ കില്ലര്‍ അടിച്ചതോടെ വേദന മാറിയിരുന്നു.

കാലിനു മുകളില്‍ കാലെടുത്തുവെക്കുക പോലും ചെയ്യരുന്നതെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ബൈ സ്റ്റാന്ററായി ചേട്ടനായിരുന്നു ഉണ്ടായിരുന്നത്. കുഴപ്പമില്ലെന്ന് ചേട്ടന്‍ പറയുമായിരുന്നു. പക്ഷെ നമ്മളും ബൈ സ്റ്റാന്റര്‍ ആയി നിന്നിട്ടുള്ളതല്ലേ, ബൈ സ്റ്റാന്റര്‍ രോഗിയോട് പറയുന്നതെല്ലാം സത്യമായിരിക്കണം എന്നില്ലല്ലോ. അന്ന് എന്റെ കുഞ്ഞ് ആറ് മാസമേ പ്രായമായിരുന്നുള്ളൂ. ചാകാന്‍ പേടിയില്ല, പക്ഷെ ഇത്തിരി നേരത്തെ ആയിപ്പോയോ എന്നൊക്കെ അപ്പോള്‍ ചിന്തിച്ചിരുന്നു.

അന്ന് ഞാന്‍ ആശുപത്രിയില്‍ നിന്നും തിരികെ വീട്ടിലേക്ക് പോരുന്ന വഴി ഒരു ടെന്റും സ്പീക്കറും വാങ്ങിയാണ് വരുന്നത്. എവിടെയെങ്കിലും മനോഹരമായൊരു സ്ഥലത്ത് പോയിരിക്കണമെന്നായിരുന്നു മനസില്‍. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞു, അത് തിരിച്ചറിയാന്‍ ഓള്‍ മോസ്റ്റ് അതൊന്ന് കയ്യില്‍ നിന്ന് പോകേണ്ടി വന്നു. പിന്നെ ഞാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കാന്‍ തുടങ്ങി. ഫൈറ്റ് സീനുകളൊക്കെ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി ടോവിനോ പറയുന്നു..











