അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍പോളിനെ കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി’യെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

കുറിപ്പ് വായിക്കാം
പ്രിയ ജോണ്‍പോള്‍,
താങ്കളുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ തീയേറ്ററില്‍ പോയി കാണാതിരുന്നിട്ടില്ല. എല്ലാം പ്രദര്‍ശനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ. ചില ചിത്രങ്ങള്‍ മൂന്നും നാലും തവണ കണ്ടു. എണ്‍പതുകളിലെ എന്റെ യൗവ്വനത്തിന്റെ ബാധയായിരുന്നവരില്‍ ഒരാള്‍ നിങ്ങളായിരുന്നു. നിങ്ങളും ഇന്ന് വിട പറഞ്ഞു പോയിരിക്കുന്നു. നിങ്ങളുടെ തിരക്കഥകള്‍ കയ്യിലുണ്ട് . അവയിലെ സംഭാഷണങ്ങള്‍ മായാതെ മനസ്സിലുണ്ട്. ചാമരം, മര്‍മ്മരം, വിട പറയും മുമ്പേ, ഓര്‍മ്മക്കായി … എനിക്കെല്ലാം കാണാതെ പറയാനും അറിയാം.
ഒരു മികച്ച സിനിമാ പ്രവര്‍ത്തകനോടും അദ്ദേഹത്തിന്റെ കാലങ്ങളോടും എന്റെ സൗന്ദര്യപരമായ ആര്‍ത്തികള്‍ ശരിക്കും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന ആശ്വാസം മാത്രം??
എന്റെ യൗവനത്തെ സമൃദ്ധമാക്കി നിര്‍ത്തിയതിന് നന്ദി.
എസ്. ശാരദക്കുട്ടി.

മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യ പ്രതിഭയാണ് ജോണ്‍ പോള്‍. ആഴ്ചകളായി ആശുപത്രിക്കിടക്കയിലായിരുന്ന ജോണ്‍പോളിനുവേണ്ടി മലയാളസിനിമാലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലായിരുന്നു. പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ശനിയാഴ്ച ഉച്ചയോടെ വിടചൊല്ലി. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി. ഇന്ന് ആശുപത്രിയില്‍ തന്നെ സൂക്ഷിക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ എറണാകുളം ടൗണ്‍ഹാളിലും ചാവറ കള്‍ച്ചറല്‍ സെന്ററിലും പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് മരടിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുപോകും. വൈകിട്ട് എളംകുളം പള്ളിയിലാണ് സംസ്‌കാരം.











