നടന് വിക്രമിന്റെ ആരോഗ്യനില തൃപ്തികരമെന്ന മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കി ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് വിക്രമിനെ ഇന്ന് ഉച്ച കഴിഞ്ഞ് ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതിനാല്‍ വിക്രത്തിന് നാളെ തന്നെ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടെ വാര്‍ത്ത നിഷേധിച്ച് മകനും നടനുമായ ധ്രുവ് വിക്രം രംഗത്തെത്തിയിരുന്നു.
വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് ധ്രുവ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് ആവശ്യമായ സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് വ്യക്തമാക്കി.