‘ആളൊഴിഞ്ഞ കെട്ടിടത്തിലെ സ്ത്രീയുടെ കരച്ചില്‍’ വാമനന്റെ കഥ വന്നതിനെ കുറിച്ച് സംവിധായകന്‍

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മൂവി ഗാങ്സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മിച്ച് എ.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്ത വാമനന്‍ എന്ന ചിത്രം ഒരേ സമയം നിങ്ങളെ ഭയപ്പെടുത്തുകയും മനസ് നിറക്കുകയും ചെയ്യുമെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.

‘വരലക്ഷ്മി ശരത്കുമാര്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിലായിരുന്നു ഞാന്‍. ലണ്ടനിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. 2020 മാര്‍ച്ചില്‍ ഷൂട്ടിന് പോകാന്‍ നില്‍ക്കുമ്പോഴാണ് കോവിഡ് വന്നത്. പിന്നാലെ ലോക്ഡൗണ്‍ കൂടി എത്തിയതോടെ ആദ്യ ചിത്രം എന്ന മോഹം നീട്ടിവയ്ക്കേണ്ടി വന്നു. ഒടുവില്‍ തിരിച്ച് നാട്ടിലേയ്ക്ക് വരേണ്ടി വന്നു. സിനിമയില്ല, ഇനിയെന്ത് വഴി എന്ന ആലോചനയിലായിരുന്നു ഞാന്‍. സിനിമയെന്ന മോഹം ഒരു സ്വപ്നമായി മാറുമോ എന്ന് കരുതിയിരിക്കുന്ന സമയത്താണ് ഒരു വാര്‍ത്ത ശ്രദ്ധയില്‍പ്പെടുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് രാത്രി 12 മണിയാകുമ്പോള്‍ ഒരു സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കുന്നു എന്നതായിരുന്നു വാര്‍ത്ത. സംഭവത്തില്‍ വ്യാപക അന്വേഷണം നടന്നു. സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നായിരുന്നു കണ്ടെത്തല്‍.

പക്ഷേ ഇത്രയും അന്വേഷണങ്ങള്‍ ഒക്കെ നടന്നിട്ടും സ്ത്രീയുടെ നിലവിളി പിന്നെയും കേള്‍ക്കുമായിരുന്നു. ഇതോടെ എനിക്ക് ഒരു സ്പാര്‍ക്ക് തോന്നി. ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയാറാക്കിയ ചിത്രമാണ് വാമനന്‍. ഒരുപാട് റീവര്‍ക്ക് ചെയ്ത ശേഷമാണ് സ്‌ക്രിപ്റ്റിലെത്തിയത്. സംഭവം നടന്ന സ്ഥലത്ത് ഞാന്‍ നേരിട്ടുപോയി അന്വേഷണം നടത്തിയിരുന്നു. നാട്ടുകാരും സാമൂഹ്യ വിരുദ്ധരുമാണ് ഇതിന് പിന്നിലെന്നാണ് പറയുന്നത്. വലിയൊരു കഥയാണ് ഈ സിനിമയുടേത്. സിനിമയില്‍ പറയുന്ന വീടിന് പോലും ഒരു ചരിത്രമുണ്ട്. കഥ നടക്കുന്ന നാട്ടിലേയ്ക്ക് പ്രധാന കഥാപാത്രം വരാനുള്ള കാരണത്തിലൂന്നിയായിരുക്കും രണ്ടാം ഭാഗം. പഴയ കുപ്പിയില്‍ പുതിയ വീഞ്ഞല്ല വാമനന്‍. ഇതൊരു പുതിയ ട്രീറ്റ്മെന്റാണെന്നും സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എ.ബി ബിനില്‍ പറഞ്ഞു.

Gargi