‘റോഷാക്ക് തിയേറ്റര്‍ കണ്ടുറങ്ങിയ ഞാന്‍ വാമനന്‍ മുഴുക്കെ ഇരുന്ന് കണ്ടു’

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്ന വാമനന്‍ മോഹിച്ചത് തീര്‍ത്തും സമാധാനപരമായ ഒരു ജീവിതമായിരുന്നു. എന്നാല്‍ തൊട്ടടുത്ത് പൂട്ടിക്കിടന്നിരുന്ന കണ്ണായിവീട് എന്ന ബംഗ്ലാവിലേക്ക് ഒരു സ്ത്രീയുടെ നിലവിളി കേട്ട് കയറിയപ്പോള്‍ തൊട്ട് വാമനന്റെ ഉറക്കം നഷ്ടമായി.

പിന്നീടങ്ങോട്ട് അയാള്‍ അനുഭവിച്ചത് ഒരു സാധാരണക്കാരന് താങ്ങാന്‍ പറ്റുന്ന പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. മൂവി ഗാങ്‌സിന്റെ ബാനറില്‍ അരുണ്‍ ബാബു നിര്‍മിച്ച് എ.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്ത വാമനന്‍ എന്ന ചിത്രം ഒരേ സമയം നിങ്ങളെ ഭയപ്പെടുത്തുകയും മനസ് നിറക്കുകയും ചെയ്യുമെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അരുണ്‍ നായര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ അത്രമേല്‍ പ്രിയങ്കരം എന്നാണ് ചിത്രത്തെ കുറിച്ച് പറയുന്നത്.

‘ഇത് വാമനന്‍ അല്ല ഇത് മഹാ വിഷ്ണുവിന്റെ മറ്റൊരു അവതാരം ആണ്. ഇതൊരു ത്രില്ലര്‍ ആണോന്ന് ചോദിച്ചാല്‍ അതെനിക്ക് അറിയില്ല ഹൊറര്‍ ആണോന്ന് ചോദിച്ചാല്‍ അതും എനിക്കറിയില്ല. എന്തായാലും ഒരു കാര്യം പറഞ്ഞവസാനിപ്പിക്കാം. റോഷാക്ക് തിയേറ്റര്‍ കണ്ടുറങ്ങിയ ഞാന്‍ വാമനന്‍ മുഴുക്കെ ഇരുന്ന് കണ്ടുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. അരുണ്‍ ശിവയാണ് ഛായാഗ്രഹണം.

സന്തോഷ് വര്‍മ്മ, വിവേക് മുഴുക്കുന്ന് എന്നിവരുടെ വരികള്‍ക്ക് നിതിന്‍ ജോര്‍ജ് സംഗീതം പകരുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. സമഹ് അലി എന്നിവര്‍ ചേര്‍ന്നാണ് വാമനന്റെ നിര്‍മാണം. ബൈജു, അരുണ്‍, നിര്‍മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Gargi