‘ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നുവെന്ന്’- അഭിലാഷ് പിള്ള

പിതാവിന്റെ വെട്ടേറ്റുമരിച്ച ആറുവയസുകാരി നക്ഷത്രയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. പത്തിയൂരിലെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ നൂറുകണക്കിന് പേരാണ് വിങ്ങുന്ന ഹൃദയവുമായി കുരുന്നിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. നക്ഷത്രയുടെ കുസൃതിച്ചിരി നിറഞ്ഞ ചിത്രം കണ്ട് കരയാത്തവര്‍ ചുരുക്കം. ഇപ്പോഴിതാ പ്രതിയായ അച്ഛന്‍ ശ്രീമഹേഷിന് തക്ക ശിക്ഷ നല്‍കണമെന്ന് പറയുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ സ്വന്തം മകളുടെ ചിത്രങ്ങള്‍ വയ്ക്കണമെന്നും അതുകണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാനെന്നും അഭിലാഷ് ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല, ഉറപ്പിച്ചു പറയാന്‍ കാരണം എനിക്കും രണ്ട് പെണ്‍കുട്ടികളാണ്, ഇന്ന് കേട്ട ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛന്‍ സര്‍പ്രൈസ് തരാം എന്ന് പറഞ്ഞപ്പോള്‍ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛന്‍ കൈയില്‍ വെച്ച് തരാന്‍ പോകുന്ന സമ്മാനം ആയിരുന്നു. പിന്നില്‍ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്…
നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു ??????
Nb: ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ല.

ബുധനാഴ്ച വൈകിട്ട് 7.30നാണ് നക്ഷത്രയെ മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ ശ്രീമഹേഷ് (38) കൊലപ്പെടുത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അമ്മ സുനന്ദയേയും (62) ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സംഭവമറിഞ്ഞെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തി. ആക്രമിക്കാനും ശ്രമിച്ചു. പൊലീസ് എത്തി കീഴ്പ്പെടുത്തിയാണ് കസ്റ്റഡിയിലെടുത്തത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന സുനന്ദ ഇന്നലെ വീട്ടിലെത്തി. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.

Gargi