‘ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കല്ലേ…ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്…’ അഭിലാഷ് പിള്ള

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് ദേവനന്ദയെ പരിഗണിക്കാത്തതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ ജൂറി അവഗണിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയത്. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ദേവനന്ദ തന്നെ രംഗത്തെത്തിയിരുന്നു.
‘പുരസ്‌കാരം ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേര്‍ മത്സരിക്കുമ്പോള്‍ ഒരാള്‍ക്കേ പുരസ്‌കാരം നല്‍കാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നുമാണ്’ ദേവനന്ദയുടെ പ്രതികരണം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്, ദയവ് ചെയ്തു അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ, ബാല താരത്തിനുള്ള അവാര്‍ഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ് ദയവ് ചെയ്തു ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്…. എന്നാണ് അഭിലാഷ് കുറിച്ചത്.

വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെണ്‍) പുരസ്‌കാരം ലഭിച്ചത്. ടൊവിനോ തോമസിനെ നായകനാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. തന്മയയുടെ പ്രകടനത്തെക്കുറിച്ച് ജൂറിയുടെ വിലയിരുത്തല്‍ ഇങ്ങനെ- ‘അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പര്‍ശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിന്’. ടൊവിനോ തോമസ് നായകനാവുന്ന വഴക്കില്‍ കനി കുസൃതി, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ് വി, ബൈജു നെറ്റോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

Gargi