‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ ഒരു നെഗറ്റീവ് സിനിമ ആണോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല’- സംവിധായകന്‍

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. ‘മുകുന്ദനുണ്ണിയെപോലെ ഉള്ളവരും നമ്മുടെ ചുറ്റുപാടുമുണ്ട്. ഇത്തരത്തിലുള്ളവരുടെ…

വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക്. ‘മുകുന്ദനുണ്ണിയെപോലെ ഉള്ളവരും നമ്മുടെ ചുറ്റുപാടുമുണ്ട്. ഇത്തരത്തിലുള്ളവരുടെ സൈക്കോളജി തുറന്നുകാട്ടുക വഴി ഇവരുടെ ചൂഷണത്തിലകപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കാന്‍ പ്രേക്ഷകരെ സജ്ജമാക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നാണ് അഭിനവ് പറയുന്നത്.

”സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഓരോ രീതിയിലാണ് സിനിമയെ ഉള്‍ക്കൊള്ളുന്നത്. എല്ലാവരും ഒരേ രീതിയിലല്ല ഒരു സിനിമയെ സമീപിക്കുന്നത്. ഓരോരുത്തരുടെയും ജീവിതവും മാനസികാവസ്ഥയും വ്യത്യസ്തമായിരിക്കും. ആകെ അസ്വസ്ഥനായിരിക്കുന്ന ഒരാള്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം വന്നു എന്നുവരും. ബഹുജനം പലവിധം. ‘മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്’ ഒരു നെഗറ്റീവ് സിനിമ ആണോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല എന്നാണ് ഞാന്‍ പറയുക. കാരണം ഞാന്‍ ഈ സിനിമയെ പോസിറ്റീവ് ആയാണ് കാണുന്നത്. ഈ സിനിമയിലെ സന്ദേശം എന്നത് ഇത്തരം ആളുകള്‍ നിങ്ങളുടെ ചുറ്റുപാടുമുണ്ട് അവരെ നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം എന്നാണ്. ഇത്തരക്കാര്‍ നമുക്കിടയില്‍ ഉണ്ടെന്നത് മനസ്സിലാക്കിയിരിക്കുകയാണെങ്കില്‍ അവരുടെ ചൂഷണത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയും. ഇത്തരക്കാരുടെ സൈക്കോളജി ഈ സിനിമ കണ്ടാല്‍ മനസിലാകും.

എല്ലാ പ്രൊഫഷനിലും മുകുന്ദനുണ്ണിമാര്‍ ഉണ്ട്. ഇത്തരക്കാരെ പ്രേക്ഷകര്‍ക്ക് തുറന്നുകാട്ടിക്കൊടുക്കുക എന്ന രീതിയിലാണ് ഞാന്‍ ഈ സിനിമ ചെയ്തത്. സിനിമ എന്നത് നമ്മുടെ ചുറ്റുപാടുമുള്ള ആളുകളുടെ പ്രതിനിധികളാണല്ലോ, പലതരത്തിലുള്ള ആളുകള്‍ നമുക്കിടയിലുണ്ട് അതിനിടയില്‍ മുകുന്ദനുണ്ണിമാരും ഉണ്ട്. അതാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്. കൂടുതലും ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകളിലാണ് ഇത്തരക്കാര്‍ ഉള്ളത്. ചൂഷണം ചെയ്യപ്പെടുന്നവരുടെ അവസ്ഥ കാണിച്ചാല്‍ ഇത്തരക്കാരുടെ സൈക്കോളജി തുറന്നു കാട്ടാന്‍ കഴിയില്ല അതുകൊണ്ടാണ് ചൂഷണം ചെയ്യുന്നവരിലൂടെ സിനിമ കാണിച്ചത്. ഇത്തരക്കാരെ സൂക്ഷിക്കണം എന്നൊരു സന്ദേശം കൂടിയാണ് ഈ സിനിമ നല്‍കുന്നതെന്നും അഭിനവ് പറയുന്നു.

അതേസമയം സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞു. സിനിമ ഓടുമെന്ന് സംവിധായകന് വിശ്വാസമുണ്ടായിരുന്നുവെന്നും പ്രേക്ഷകരുടെ പോക്ക് എങ്ങോട്ടാണെന്ന് അദ്ഭുതം തോന്നിയെന്നും ഇടവേള ബാബു പറഞ്ഞു.