‘വിനീത് ശ്രീനിവാസന്‍ മുന്‍പ് ചെയ്ത തരം സിനിമയല്ല മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്’ സംവിധായകന്‍

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ വിവാദത്തില്‍. സിനിമയുടെ ഫേസ്ബുക്ക് പേജില്‍ ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനൊപ്പം’ എന്ന ക്യാപ്ഷനില്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് . ചിത്രത്തിന്റെ ക്യാപ്ഷനെതിരെയാണ് കമന്റുകളേറെയും വന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വിശദീകരണവുമായി സംവിധായകന്‍ അഭിനവ് സുന്ദര്‍ നായക് രംഗത്തെത്തിയിരിക്കുകയാണ്.

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് വിനീത് ശ്രീനിവാസന്‍ ചെയ്യുന്ന തരം സിനിമയല്ലെന്നാണ് സംവിധായകന്‍ പറയുന്നത്. കഥയെ സ്വീകരിച്ചെങ്കിലും ആശയപരമായി വിനീതിന് കഥാപാത്രത്തോട് എതിര്‍പ്പുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘വിനീത് ശ്രീനിവാസന്‍ മുന്‍പ് ചെയ്ത തരം സിനിമയല്ല മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്. വിനീത് ബ്രാന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്ന തരം കഥാപാത്രവുമല്ല. കുറച്ച് വില്ലന്‍ സ്വഭാവങ്ങളുണ്ട്, അതിനെ സിനിമ ന്യായീകരിക്കുന്നില്ല. എനിക്ക് പറയാനുള്ള ചിലത് ഞാന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്.

ഒരുപക്ഷെ അത് ആളുകളില്‍ അമര്‍ഷമുണ്ടാക്കിയേക്കാം. എന്റെ രീതികള്‍ വെച്ച് നോക്കുമ്പോള്‍ ഞാന്‍ ചെയ്യുന്നതില്‍ ആളുകള്‍ക്ക് ഏറ്റവും കുറവ് നീരസമുണ്ടാക്കിയേക്കാവുന്ന കഥയാകും ഇത്, എന്റെ ആദ്യ ചിത്രം. വിനീതിന് കഥാപാത്രമാകാന്‍ ബുദ്ധിമുട്ടുണ്ടായില്ല. കാരണം തന്റെ സേഫ്‌സോണിന് പുറത്ത് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. പക്ഷെ ആശയപരമായി അദ്ദേഹത്തിന് ചില എതിര്‍പ്പുകള്‍ ഉണ്ട്,’ അഭിനവ് സുന്ദര്‍ നായക് പറഞ്ഞു. മലയാള സിനിമയില്‍ എഡിറ്ററായ അഭിനവിന്റെ ആദ്യ സംവിധാന സംരംഭമാണ് മുകുന്ദന്‍ ഉണ്ണി അസോയേറ്റ്‌സ്.