യുകെയിലെത്തിയ നടന് ജോജു ജോര്‍ജ് വന്‍ മോഷണത്തിനിരയായി. താരത്തിന്റെ പാസ്പോര്‍ട്ടും പണവും മോഷ്ടാക്കള്‍ കവര്‍ന്നു. ജോജുവിനൊടൊപ്പം ‘ആന്റണി’ സിനിമയുടെ നിര്‍മാതാവ് ഐന്സ്റ്റീന് സാക്ക് പോളിന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷിജോ ജോസഫിന്റെയും പണവും പാസ്പോര്‍ട്ടുകളും മോഷണം പോയി.
പുതിയ ചിത്രമായ ആന്റണിയുടെ പ്രമോഷന്റെ ഭാഗമായി റോഥറമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടന്ന യുക്മ വള്ളംകളിയില്‍ അതിഥികളായി എത്തിയതായിരുന്നു ജോജുവും സംഘവും.
ജോജുവിന്റെ 2000 പൗണ്ട്, ഐന്‍സ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉള്‍പ്പടെ 15000 പൗണ്ട്, ഏകദേശം 15 ലക്ഷം രൂപയാണ് നഷ്ടമായത്. ഒക്സ്ഫോഡിലെ ബിസ്റ്റര്‍ വില്ലേജില്‍ ഷോപ്പിങ് നടത്താന്‍ കയറിയപ്പോഴാണ് ഇവര്‍ സഞ്ചരിച്ച ഡിഫന്റര്‍ വാഹനത്തില്‍ മോഷണം നടന്നത്.
ബിസ്റ്റര്‍ വില്ലേജിന് തൊട്ടടുത്തുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം നിര്‍ത്തി ഷോപ്പിങ്ങിനു പോയതായിരുന്നു ജോജുവും സഹപ്രവര്‍ത്തകരും. നടനും നിര്‍മാതാവുമായ ചെമ്പന്‍ വിനോദും നടി കല്യാണി പ്രിയദര്‍ശനും മറ്റൊരു കാറില്‍ ഉണ്ടായിരുന്നു.
ഷോപ്പിങ് കഴിഞ്ഞ് കാറില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പാസ്പോര്‍ട്ടിനും പണത്തിനുമൊപ്പം കാറില്‍ സൂക്ഷിച്ചിരുന്ന ഷോപ്പിങ് സാധനങ്ങളും ലാപ്ടോപ്പുമെല്ലാം നഷ്ടമായി. വിവരമറിഞ്ഞ് ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇടപെട്ട് ഇവര്‍ക്കു താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭ്യമാക്കി. ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.