രോഗം മൂര്‍ധന്യാവസ്ഥയിലാണ്..! സഹായിക്കണം, നിറ കണ്ണുകളോടെ നടന്‍ വിജയന്‍ കാരന്തൂര്‍

വര്‍ഷങ്ങളായി താന്‍ അനുഭവിയ്ക്കുന്ന രോഗവിവരത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വേദന പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ വിജയന്‍ കാരന്തൂര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നും.. സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് അദ്ദേഹം എത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ് എന്നും നടന്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുന്നു.

പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വര്‍ഷമായി ഞാന്‍ ഗുരുതരമായ കരള്‍ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണ്. ലിവര്‍ ട്രാന്‍സ് പ്ലാന്റേഷന്‍ മാത്രമാണ് ഏക പോംവഴി. ഒരു കരള്‍ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തില്‍ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകര്‍ന്നടിയുന്നു.

ആയതിനാല്‍ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു.. എന്നാണ് ഈ വിവരം അറിയിച്ച് വിജയന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേര്‍ ഇതിനോടകം തന്നെ നടന്റെ രോഗവിവരം അടങ്ങുന്ന ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

നാടകങ്ങളില്‍ മികവ് തെളിയിച്ച താരം 1973ല്‍ പുറത്തിറങ്ങിയ മരം എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേക്ക് എത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയന്‍ എത്തിയിരുന്നു.

Nikhina