‘വിജയ്‍യുടെ കസിനായി പോയി, അതുകൊണ്ട് 17 വർഷം നേരിടേണ്ടി വന്നത്’; തുറന്ന് പറഞ്ഞ് വിക്രാന്ത്

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രജനീകാന്ത് കാമിയോ വേഷത്തില്‍ എത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായകന്‍. യുവനടന്‍…

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രജനീകാന്ത് കാമിയോ വേഷത്തില്‍ എത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ ഹൈലൈറ്റ്. ചിത്രത്തില്‍ വിഷ്ണു വിശാല്‍ ആണ് നായകന്‍. യുവനടന്‍ വിക്രാന്ത് മറ്റൊരു പ്രധാന കഥാപാത്രമായി എത്തും. ദളപതി വിജയ്‍യുടെ കസിൻ കൂടിയാണ് വിക്രാന്ത്. ഒരു സൂപ്പര്‍ സ്റ്റാറിന്‍റെ ബന്ധു ആയതിനാല്‍ സിനിമാലോകത്ത് തനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധികളെക്കുറിച്ച് വിക്രാന്ത് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ആദ്യ കുറച്ച് ചിത്രങ്ങളിൽ അവസരം കിട്ടാൻ പ്രായപ്പെടേണ്ടി വന്നില്ലെങ്കിലും അതിന് ശേഷം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്ന് വിക്രാന്ത് പറയുന്നു. “എനിക്ക് ഓഫര്‍ വരുന്ന ചിത്രങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വിജയ്‍യെക്കൂടി ഭാഗഭാക്കാക്കുവാന്‍ സാധിക്കുമോ എന്നാണ് ചോദിക്കുക. അദ്ദേഹത്തെ ഓഡിയോ ലോഞ്ചിന് കൊണ്ടുവരാമോ എന്നാവും ചിലരുടെചോദ്യം. മറ്റു ചിലര്‍ക്ക് അദ്ദേഹം അതിഥി താരമായി എത്തണമെന്നാകും. ഇനിയും ചിലര്‍ക്ക് ഒരു പാട്ടു സീനിലെങ്കിലും അദ്ദേഹം വരണമെന്ന് ആഗ്രഹമാണ് ഉണ്ടാവുക. ഇതൊന്നുമല്ലെങ്കില്‍ ചിത്രത്തെക്കുറിച്ച് ഒരു ട്വീറ്റ് കൊടുക്കാനാകുമോ എന്ന് ചോദിക്കും. ഈ ചോദ്യങ്ങള്‍ക്കെല്ലാം പറ്റില്ല എന്നായിരുന്നു എപ്പോഴും ഉത്തരം. ഇക്കാരണം കൊണ്ട് 17 വര്‍ഷത്തിനിടെ നിരവധി നല്ല ചിത്രങ്ങളിലെ അവസരങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടിട്ടു” – വിക്രാന്ത് പറഞ്ഞു.

വിജയ് ഇതിനകം കുടുംബത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്‍റെ ജനപ്രീതി സ്വന്തം കരിയര്‍ വളര്‍ത്താനായി ഉപയോഗിക്കില്ലെന്നാണ് തീരുമാനിച്ചുറപ്പിച്ചുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും വിക്രാന്ത് അഭിപ്രായം പറഞ്ഞു. “ഏറ്റവും വലിയ താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം അത് വിട്ട് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി പോകുന്നത്. രാഷ്ട്രീയത്തില്‍ വലുതെന്തോ കരസ്ഥമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്” – വിക്രാന്ത് പറഞ്ഞു.