ബിജെപി വിട്ട് നടി ഗൗതമി!!!

കാല്‍നൂറ്റാണ്ടായുള്ള ബിജെപി ബന്ധം ഉപേക്ഷിച്ച് നടി ഗൗതമി. 25 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ച ഗൗതമി തിങ്കളാഴ്ചയാണ് രാജി വച്ചത്. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നല്‍കിയില്ല. തന്റെ പണം തട്ടിയെടുത്തയാളെയാണ് പാര്‍ട്ടി സംരക്ഷിച്ചതെന്ന് താരം ആരോപിക്കുന്നു. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. വിശ്വാസ വഞ്ചന കാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുവെന്നും രാജിക്കത്തില്‍ ഗൗതമി പറയുന്നു.

സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് താന്‍ രാജപാളയം നിയമസഭ മണ്ഡലത്തിന്റെ ചുമതല ഏറ്റെടുക്കുകയും അടിത്തട്ടുമുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ അഹോരാത്രം പ്രയത്‌നിച്ചു. പക്ഷേ അവസാന നിമിഷം സീറ്റ് നല്‍കിയില്ലെന്നും ഗൗതമി സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. സീറ്റ് നിഷേധിക്കപ്പെട്ടിട്ടും താന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നു. തന്റെ ജീവിതത്തിലെ വിഷമഘട്ടത്തില്‍ യാതൊരു സഹായവും ലഭിച്ചില്ലെന്നും ഗൗതമി പറയുന്നു.

ബില്‍ഡര്‍ അളകപ്പന്‍ എന്ന വ്യക്തിക്ക് നേരെയാണ് ഗൗതമിയുടെ ആരോപണം. സാമ്പത്തികാവശ്യങ്ങള്‍ക്കായി തന്റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ഗൗതമി തീരുമാനിച്ചിരുന്നു. അത് വില്‍ക്കാന്‍ സഹായിക്കാമെന്ന് ബില്‍ഡര്‍ അളഗപ്പനും ഭാര്യയും സഹായം വാഗ്ദാനം ചെയ്തു. അവരെ വിശ്വസിച്ച് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയെന്നും എന്നാല്‍ അളഗപ്പനും കുടുംബവും തന്റെ ഒപ്പ് ഉപയോഗിച്ചും വ്യാജരേഖയുണ്ടാക്കിയും 25കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തെന്നുമായിരുന്നു ഗൗതമി ആരോപിച്ചിരുന്നു.

20 വര്‍ഷം മുമ്പ് ചെറിയ കുട്ടിയുമായി വല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ഞാന്‍. മാതാപിതാക്കള്‍ മരണപ്പെട്ടിരുന്നു. ആ സമയത്ത് രക്ഷകര്‍ത്താവായിട്ട് എത്തിയ അളഗപ്പന്‍ കുടുംബത്തിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിനെ വിശ്വസിച്ച് സ്വത്തിന്റെ രേഖകള്‍ കൈമാറി. എന്നാല്‍ ഈയടുത്ത കാലത്താണ് തട്ടിപ്പ് നടത്തിയത് അറിയുന്നത്.

പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുക്കാന്‍ ഒരുപാട് കാലമെടുക്കും. ഈ സാഹചര്യത്തില്‍ ഒന്നും പാര്‍ട്ടി സഹായിച്ചിട്ടില്ലെന്നും ഗൗതമി ചൂണ്ടിക്കാട്ടി. എന്നാല്‍ അളഗപ്പനെ മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചു. തനിക്ക് പ്രതീക്ഷ മുഖ്യമന്ത്രിയിലാണെന്നും നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഗൗതമി പറയുന്നു.