ഇനി ഒരു തിരിച്ച് വരവില്ലെന്ന് അവള്‍ മനസിലാക്കിയിരുന്നു, ശരണ്യയുടെ അമ്മയുടെ വാക്കുകള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു നടി ശരണ്യ. തലയില്‍ ട്യൂമര്‍ ബാധിച്ച് മരണത്തിന് കീഴടങ്ങിയ താരം ഇപ്പോഴും പ്രേക്ഷകമനസില്‍ ഒരു തീരാത്ത വിങ്ങലാണ്. നടി സീമ ജി നായരായിരുന്നു ശരണ്യക്ക് എല്ലാ സഹായവുമൊരുക്കി കൂടെ നിന്നത്.
ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത എത്തിയത്.


ഇപ്പോഴിതാ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ശരണ്യയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ശരണ്യയുടെ അമ്മ ഗീത. എന്റെ കഴിഞ്ഞ വീഡിയോ നിങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷം. ഞാന്‍ ശരണ്യയുടെ അമ്മയായി എത്തുമ്പോള്‍, നിങ്ങള്‍ തരുന്ന സ്നേഹം, കമന്റ്സ് വായിക്കുമ്പോള്‍ എനിക്ക് മനസിലാകും. ശരണ്യയുടെ അമ്മയായി ജീവിക്കാന്‍ പറ്റിയതല്ലേ എന്റെ ഏറ്റവും വലിയ പുണ്യം. പിന്നെ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്ത വച്ച എല്ലാവരെയും സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നുപറഞ്ഞുകൊണ്ടാണ് ശരണ്യയുടെ അമ്മ ഗീത സംസാരിച്ചു തുടങ്ങിയത്.
കഴിഞ്ഞവര്‍ഷം ഒന്നാം തീയതിയാണ് മോള്‍ ഈ ചാനല്‍ സ്റ്റാര്‍ട്ട് ചെയ്തത്. 2021 ല്‍ ജീവിതം പുതുമ ഉള്ളതാക്കാന്‍ വേണ്ടിയിട്ടാണ് അവള്‍ ഇത് തുടങ്ങിയതും. പക്ഷേ അവളുടെ പുതുമ ഇങ്ങനെ ആയി പോയല്ലോ എന്നും വാക്കുകള്‍ ഇടറിക്കൊണ്ട് അമ്മ സംസാരിക്കുന്നു. ദൈവത്തിനു അവളെ പിരിഞ്ഞിരിക്കാന്‍ ആകാത്തതുകൊണ്ടാകണം എന്റെ കൈയ്യില്‍ നിന്നും ദൈവം അവളെ കൊണ്ട് പോയത്. അവളുടെ അമ്മ ആയതു തന്നെയാണ് ഭാഗ്യം എന്നും ഗീത പറയുന്നു.
അവളുടെ വലിയ ആഗ്രഹം ആയിരുന്നു സില്‍വര്‍ ബട്ടണ്‍. കിട്ടാന്‍ വൈകിയപ്പോള്‍ പരാതിയും പരിഭവും ഒക്കെ അതിന്റെ പേരില്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ കിടക്കയില്‍ വച്ച് ആണ് ഇത് നമ്മള്‍ക്ക് കിട്ടുന്നത്. അവളുടെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ ഇത് ചേര്‍ത്ത് വച്ചിട്ട് രോഗം മാറി വീടെത്തുമ്പോള്‍ നമുക്ക് ഇതിന്റെ വീഡിയോ ഇടാം എന്നും പറഞ്ഞു. എന്നാല്‍ അവള്‍ നിരാശയോടെ ഒന്ന് ചിരിച്ചു. ആ ചിരിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട് എന്ന് എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. തിരിച്ചുവരില്ല എന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ടാകും. എന്റെ മോളെ നിങ്ങള്‍ കണ്ടില്ലേ ചിരിച്ചു സുന്ദരിയായി മുല്ലപ്പൂ ഒക്കെ ചൂടി ഇരിക്കുന്നത് എന്ന് ആ അമ്മ പറയുമ്പോള്‍ കേള്‍ക്കുന്ന ഏതൊരാളുടെയും കണ്ണുകള്‍ അറിയാതെ നനഞ്ഞു പോകും. ആരാധകര്‍ ഇക്കാര്യം കമന്റുകളിലൂടെ പറയുന്നതും ഉണ്ട്.

 

 

 

 

Geethu