മുംബൈ: സംഗിത പരിപാടിക്കിടെ ആരാധകനെ തല്ലുകയും ഫോൺ വലിച്ചെറിഞ്ഞ് തകർക്കുകയും ചെയ്ത് യുവ ഗായകൻ. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഗായകൻ ഉദിത് നാരായണന്റെ മകനാണ് ആദിത്യ.
ഞായറാഴ്ച ഛത്തീസ്ഗഡിലെ ഒരു കോളേജിലെ സംഗീത നിശയ്ക്കിടെയായിരുന്നു സംഭവം ഉണ്ടായത്. ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകനെ ആദ്യം മൈക്കുകൊണ്ട് ഇടിക്കുകയും ശേഷം അയാളുടെ ഫോൺ തട്ടിപ്പറിച്ച് ആദിത്യ അത് വലിച്ചെറിയുകയുമായിരുന്നു.
ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിഹാസ ഗായകന്റെ മകനിൽ നിന്ന് ഇത്രയും വിലകുറഞ്ഞ തരത്തിലുള്ള ഇടപെടൽ പ്രതീക്ഷിച്ചില്ലെന്നും അഹങ്കാരം കാണിക്കാൻ അത്രവലിയ ഗായകനൊന്നും ആദിത്യ ആയിട്ടില്ലെന്നുമാണ് ആരാധകരുടെ കമന്റുകൾ. ആരാധകന്റെ ഫോൺ മുഴുവനായി തകർന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. റുംഗത് എഞ്ചിനിയറിംഗ് കോളേജിലായിരുന്നു പരിപാടി. “ആജ് കി രാത്” എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചിരുന്നത്.