‘ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമായി’ രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമായെന്ന രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നേരത്തെ, അറിയപ്പെടുന്ന സിനിമ സംവിധായകരും നാടക കലാകാരന്മാരും നിരൂപകരുമായിരുന്നു ജൂറിയില്‍ ഉണ്ടായിരുന്നത്. ഇന്ന് ആ സ്ഥാനത്ത് അജ്ഞാത ജൂറിയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ജോണ്‍ എബ്രഹാം പുരസ്‌കാരങ്ങള്‍ നല്‍കി സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്താണ് പുരസ്‌കാര നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകള്‍ കണ്ട് പുരസ്‌കാരം നിര്‍ണയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകള്‍ അവരുടെ പട്ടികയില്‍ വരുന്നേയില്ല. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണെന്നും ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ബോളിവുഡ് സിനിമകളുടെ ആരാധകരാണ്.

ഒരു പ്രമുഖ ബോളിവുഡ് താരം തന്റെ ഫോണ്‍ കോള്‍ എടുത്തെന്ന് അഭിമാനത്തോടെ വീമ്പിളക്കിയ ഒരു മുന്‍ കേന്ദ്ര മന്ത്രിയുണ്ടായിരുന്നു. അതിനിടയില്‍ ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, രണ്ട് സിനിമകള്‍ മാത്രം കണ്ട് പല ജൂറി അംഗങ്ങളും മടുത്തു. സിനിമ കാണാത്തവരും സിനിമയെക്കുറിച്ച് ഒന്നും മനസ്സിലാക്കാത്തവരുമാണ് ചിലര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അടൂര്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വികെ ജോസഫ് അധ്യക്ഷനായി.

Gargi