Film News

കാര്‍ തല കീഴായി മറിഞ്ഞു!! ‘വിടാമുയര്‍ച്ചി’ ഷൂട്ടിനിടെ അപകടം

പ്രഖ്യാപനം മുതല്‍ ആരാധക ശ്രദ്ധ നേടിയ ചിത്രമാണ് അജിത്-മകിഴ് തിരുമേനി ടീമിന്റെ ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് അപ്‌ഡേറ്റുകളെല്ലാം ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അജിത്ത് ഷൂട്ടിംഗില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം സെറ്റില്‍ റീ ജോയിന്‍ ചെയ്തത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയാണ് വൈറലാകുന്നത്. ഷൂട്ടിംഗിനിടെ അപകടം സംഭവിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. അജിത്തിനും സഹതാരമായ ആരവിനും ചേസിംഗ് രംഗത്തിനിടയില്‍ അപകടം സംഭവിക്കുന്നതാണ് വീഡിയോ. ഇരുവരും കാറില്‍ സഞ്ചരിക്കവേ അജിത് ഓടിക്കുന്ന വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. കാര്‍ മറിയുമ്പോള്‍ അജിത് ‘ഈസി ഈസി’ എന്ന് പറയുന്നുണ്ട്.

‘തലനാരിഴയ്ക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി’, എന്നു പറഞ്ഞാണ് ആരവ് വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലെ ചിത്രീകരണ വേളയ്ക്കിടെയുള്ളതാണ് വീഡിയോ.


‘വിടാമുയര്‍ച്ചി’ അജിത്തിന്റെ കരിയറിലെ 62-ാമത്തെ ചിത്രമാണ് . മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷന്‍സ് ആദ്യം തീരുമാനിച്ചത് വിഘ്നേശ് ശിവനെ ആയിരുന്നു. എന്നാല്‍ പിന്നീട് വിഘ്‌നേഷ് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു.

ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍, അരുണ്‍ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവരാണ്
മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. ഏറെ പ്രതീക്ഷയോടെ ആരാധകലോകം കാത്തിരിക്കുന്ന ചിത്രമാണ്.

Anu B