ഗില്ലിയുടെ വൻ വിജയം, വീണ്ടും മറ്റൊരു തമിഴ് ചിത്രം റീ റിലീസ്; ബുക്കിംഗിലൂടെ തന്നെ കളക്ഷൻ ലക്ഷങ്ങള്‍

Follow Us :

ഗില്ലിയുടെ റി റീലീസ് തമിഴ്നാട്ടില്‍ വമ്പൻ വിജയമായിരുന്നു. പുതിയ സിനിമകള്‍ക്ക് പ്രേക്ഷകര്‍ കാര്യമായി എത്താത്തതിനാല്‍ തിയറ്റര്‍ ഉടമകള്‍ക്ക് ആശ്വാസം പകരുന്നത് ഇപ്പോള്‍ റീ റിലീസുകളാണ്. മലയാളം ചിത്രങ്ങളും തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിജയ്‍യുടെ ഗില്ലിക്ക് പിന്നാലെ തമിഴില്‍ വീണ്ടുമൊരു ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. തല അജിത്തിന്‍റെ വൻ വിജയമാണ് ദീനയാണ് റീ റിലീസ് ചെയ്യുന്നത്.

എ ആര്‍ മുരുഗദോസ് സംവിധാനായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. 2001 ജനുവരിയില്‍ ആയിരുന്നു ഈ ആക്ഷന്‍ ഡ്രാമ ചിത്രം തിയറ്ററുകളിലെത്തിയത്. സുരേഷ് ഗോപിയുടെ തമിഴ് അരങ്ങേറ്റവും ദീനയിലൂടെയായിരുന്നു. അജിത്ത് കുമാറിന് മാസ് അപ്പീല്‍ ഉള്ള ആക്ഷന്‍ ഹീറോ ഇമേജ് നല്‍കിയ ചിത്രം അന്ന് ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്തിരുന്നു. മെയ് 1 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

തമിഴ്നാട്ടില്‍ പ്രധാന സെന്‍ററുകളിലൊക്കെ ആദ്യദിനത്തിലെ ആദ്യ ഷോകള്‍ ഇതിനകം സോള്‍ഡ് ഔട്ട് ആയിക്കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗ് കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ ചിത്രം വിറ്റിരിക്കുന്നത് 12,991 ടിക്കറ്റുകളാണ്. ഇതില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 14.72 ലക്ഷവും. ട്രാക്ക് ചെയ്ത 116 ഷോകളില്‍ നിന്നുള്ള ബുക്കിംഗ് കണക്കാണ് ഇത്.