‘ഭക്തി കൊണ്ട് ചിന്തിക്കുന്നവര്‍ക്കും യുക്തി കൊണ്ട് ചിന്തിക്കുന്നവര്‍ക്കും ഇഷ്ടപെടുന്ന വിധത്തിലാണ് എടുത്തിരിക്കുന്നത്’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഭക്തി…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഭക്തി കൊണ്ട് ചിന്തിക്കുന്നവര്‍ക്കും യുക്തി കൊണ്ട് ചിന്തിക്കുന്നവര്‍ക്കും ഇഷ്ടപെടുന്ന വിധത്തിലാണ് എടുത്തിരിക്കുന്നതെന്ന് മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
പറഞ്ഞു കേട്ട അത്രയും തോന്നിയില്ലെങ്കിലും പടം ഇഷ്ടപ്പെട്ടു. ഭക്തി കൊണ്ട് ചിന്തിക്കുന്നവര്‍ക്കും യുക്തി കൊണ്ട് ചിന്തിക്കുന്നവര്‍ക്കും ഇഷ്ടപെടുന്ന വിധത്തിലാണ് എടുത്തിരിക്കുന്നത്. കുറച്ചു ലോജിക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അത് മാറ്റി നിര്‍ത്തിയാല്‍ നല്ലൊരു മൂവി ആയിട്ടാണ് തോന്നിയത്. അവസാനം ഉണ്ണി മുകുന്ദനെ അയ്യപ്പന്‍ ആക്കിയില്ല എന്ന് മാത്രമല്ല ഒരു പോലീസുകാരനായി കാണിച്ചതും നന്നായി. മാത്രമല്ല ആ പോലീസുകാരന്‍ കുട്ടികളെ കുറിച്ചുള്ള ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ട് അവരുടെ കൂടെ കൂടിയതാണെന്നു കാണിച്ചതും നന്നായി തോന്നി.
ഉണ്ണി മുകുന്ദന്റെയും കല്ലുവായി അഭിനയിച്ച കുട്ടിയുടെയും അഭിനയത്തെ പറ്റി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഈ ചെറുക്കനെ പറ്റി ആരും പറഞ്ഞു കേട്ടില്ല. പിയുഷ് ഉണ്ണിയായി അഭിനയിച്ച ശ്രീപഥ്.
എനിക്ക് ഈ പടത്തില്‍ ഏറ്റവും ഇഷ്ടപെട്ട അഭിനയം ഈ മുതലിന്റെ ആണ്. പല സ്ഥലത്തും ഒരു രക്ഷയും ഇല്ലായിരുന്നു. കോമഡി, മാസ്സ്, പേടി ഇതെല്ലാം വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. ആദ്യം കാണുമ്പോള്‍ കല്ലു ഇവന്റെ ക്രഷ് ആണെന്നാണ് തോന്നിയത് (ആന്മരിയ പോലെ). പി പി തുളസി വരുന്നത് വരെ. പിന്നീട് മനസ്സിലായി കല്ലു ഇവന് സ്വന്തം സഹോദരിയെ പോലെ ആണെന്ന്. ഏറ്റവും ഇഷ്ടപെട്ട സീന്‍ ടി ജി രവിയുടെ പട്ടട കല്ലുവിന് ഭസ്മം തൊടീക്കാന്‍ പോകുമ്പോള്‍ ഇടയ്ക്കു കയറി വന്നുള്ള ആ നില്‍പ്പാണ്. അപ്പൊ തന്നെ മനസിലാക്കാം അവന് കല്ലുവിനോടുള്ള കരുതല്‍. ബസില്‍ വച്ച് വില്ലന്‍ അടുത്ത് വരുമ്പോള്‍ എനിക്ക് ശര്‍ദിക്കാന്‍ വരുന്നു, നമുക്ക് അപ്പുറത്തേക്കിരിക്കാം എന്ന് പറയുന്നതില്‍ നിന്ന് ഇവന്റെ ബുദ്ധിയും കരുതലും എത്രത്തോളമുണ്ടെന്ന് കാണിക്കുന്നു. പല സ്ഥലത്തും കിടിലന്‍ എക്‌സ്പ്രഷന്‍ ഒക്കെ ആയിരുന്നു. ഈ കുട്ടി വേറെ ഏതെങ്കിലും പടത്തില്‍ ഉണ്ടോയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് മാളികപ്പുറം. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. മലയാളത്തിലെ രണ്ട് പ്രബല നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് നിര്‍മാണം. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും നിര്‍മാണ പങ്കാളികളാണ്. നാരായം, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട്‌ലര്‍, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ ആണ് വിഷ്ണു ശശി ശങ്കര്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, ക്യാമറാമാന്‍ വിഷ്ണു നാരായണന്‍ നമ്പൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.