1 വര്‍ഷം മുന്‍പ് നെഞ്ച് പൊട്ടുമോ എന്നുപോലും സംശയിച്ച ദിവസമായിരുന്നു!! പിന്നീട് നടന്നത് മൊത്തം മായാജാലം, സന്തോഷം പങ്കുവച്ച് അഖില്‍ പി ധര്‍മ്മജന്‍

Follow Us :

കേരളം അതിജീവിച്ച സമാനതകളില്ലാത്ത പ്രളയകാലമാണ് ജൂഡ് ആന്റണി ജോസഫ് 2019 എവരിവണ്‍ ഈസ് ഹീറോ എന്നു പറഞ്ഞ് സ്‌ക്രീനിലെത്തിച്ചത്. മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളും ചിത്രം മറികടന്നിരുന്നു. ബോക്‌സോഫീസില്‍ വന്‍ വിജയമായ ചിത്രം 200 കോടി നേടിയിരുന്നു.

വലിയ താരസാന്നിധ്യവും ചിത്രത്തിലുണ്ടായിരുന്നു. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു എഴുത്തുകാരന്‍ അഖില്‍ പി ധര്‍മ്മജന്‍. ചിത്രം തിയ്യേറ്ററിലെത്തിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഹൃദയം നിറയ്ക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഖില്‍. 1 വര്‍ഷം മുന്‍പ് ഇതേ സമയം രാവിലെ 11 മണിക്ക് ടെന്‍ഷന്‍ കൊണ്ട് നെഞ്ച് പൊട്ടുമോ എന്നുപോലും സംശയമുള്ള ഒരു ദിവസമായിരുന്നു..! 2018 സിനിമയുടെ ആദ്യ ഷോ വനിത തീയറ്ററില്‍ ആരംഭിക്കുമ്പോള്‍ സിനിമയില്‍ പ്രവര്‍ത്തിച്ച ഓരോ മനുഷ്യരും ഇതേ മാനസികാവസ്ഥയില്‍ത്തന്നെ ആയിരുന്നിരിക്കണം.

ആദ്യ ഷോ കാണാന്‍ ആളുകള്‍ തീരെ കുറവ്. എനിക്കാണെങ്കില്‍ ആദ്യമായി എഴുതിയ സിനിമ എന്ന ടെന്‍ഷന്‍ വേറെ..! പിന്നീട് നടന്നത് മൊത്തം ഒരു മായാജാലം പോലെയായിരുന്നു. 17 തവണ തീയറ്ററില്‍ പോയി സിനിമ ഞാന്‍ കണ്ടു. അതും തിക്കിലും തിരക്കിലും. പല സമയത്തും രഹസ്യമായി തീയറ്റര്‍ പരിസരത്ത് പോയി നീളന്‍ ക്യൂ ആസ്വദിച്ചു. ആ കാഴ്ചയില്‍ ഉള്ള് നിറഞ്ഞും കണ്ണ് നിറഞ്ഞും സന്തോഷിച്ചു.

അതേ എന്റെ ആദ്യ സിനിമ പിറന്നിട്ട് ഇന്നേക്ക് 1 വര്‍ഷം ആയിരിക്കുന്നു. ഇനി ഈ ജീവിതത്തില്‍ എത്രയൊക്കെ സിനിമകള്‍ ചെയ്താലും 2018 തന്ന അനുഭവങ്ങളും സന്തോഷവും എന്നും ഒരുപടി മുകളില്‍ത്തന്നെയുണ്ടാവും. എന്റെ ജൂഡ് ഏട്ടന്‍ കണ്ട വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒപ്പം നിന്നതില്‍ സന്തോഷം മാത്രം. അതോടൊപ്പം സിനിമ വലിയ വിജയമാക്കിയ എല്ലാ മനുഷ്യരോടും ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു…