‘ആരാധനയുണ്ടെങ്കിൽ എനിക്കൊരു പടം തന്നൂടേ’ ; ‘നിന്നിഷ്ടം എന്നിഷ്ടം’ ചിത്രത്തെപ്പറ്റി സംവിധായകൻ 

മോഹൻലാലും പ്രിയയും ജോഡികൾ ആയെത്തി 1986 ൽ‌ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. ചിത്രത്തിലെ ഇളം മഞ്ഞിൻ കുളിരുമായി എന്ന ​ഗാനം പുതു തലമുറയെപ്പോലും ആഴത്തിൽ സ്പർശിക്കുന്ന ഗാനമാണ്. അനശ്വരമായ ഈ ​ഗാനമൊരുക്കിയത് സം​ഗീത സംവിധായകൻ കണ്ണൂർ രാജനാണ്. ആലപ്പി അഷറഫാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമ സംവിധാനം ചെയ്തത്. ഈ  സിനിമയിലേക്ക് കണ്ണൂർ രാജന്റെ പാട്ടുകളെത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിനോടായിരുന്നു പ്രതികരണം. കണ്ണൂർ രാജന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞ് എല്ലാവരും അദ്ദേഹത്തെ വിട്ട് കളഞ്ഞിരുന്നു. അങ്ങനെയൊരാളെ പറ്റി ഓർമ്മയേ ഇല്ലായിരുന്നു ആർക്കും പിന്നീട്. എനിക്കദ്ദേഹത്തെ അറിയില്ലായിരുന്നു. ഒരു ദിവസം എയർപോർട്ടിൽ വെച്ച് എന്റെ കൈ പിടിച്ച് അറിയാമോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാൻ. ഞാൻ കണ്ണൂർ രാജനാണെന്ന് അദ്ദേഹം പറഞ്ഞു.

അയ്യോ മാഷേ, ഞാൻ ആരാധിക്കുന്ന ആളാണ് താങ്കളെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ആരാധനയുണ്ടെങ്കിൽ എനിക്കൊരു പടം തന്നൂടേ എന്ന് അദ്ദേഹം ചോദിച്ചു. പിന്നെന്താ മാഷേ, ഒരു ദിവസം എന്നെ വന്ന് കാണെന്ന്  ഞാൻ പറഞ്ഞു. കൃത്യമായി അദ്ദേഹം വന്നു. അങ്ങനെയാണ് നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയിൽ കണ്ണൂർ രാജൻ സം​ഗീത സംവിധായകനായി എത്തിയതെന്നും ആലപ്പി അഷറഫ് വ്യക്തമാക്കി. സിനിമയും പാട്ടുകളും ഹിറ്റായതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. പടം ക്ലിക്കായി. ക്ലെെമാക്സ് പാട്ടിലാണ് നിൽക്കുന്നത്. സംവിധായകൻ ഫാസിൽ എന്നെ വിളിച്ചു. നിന്റെ പടത്തിലെ പാട്ട് ഭയങ്കര ഹിറ്റാണല്ലോ ആരാണ് ആ പാട്ട് ചെയ്തതെന്ന് ചോദിച്ചു. കണ്ണൂർ രാജൻ മാഷെന്ന് പറഞ്ഞപ്പോൾ അയാൾ ഉണ്ടോ എന്ന് ഫാസിൽ ചോദിച്ചു. ഇതിന് ശേഷം കണ്ണൂർ രാജനെ തന്റെ സിനിമയിലേക്ക് ഫാസിൽ വിളിച്ചു.

പൂവിന് പുതിയ പൂന്തെന്നൽ എന്ന ചിത്രത്തിലെ പീലിയേഴും വീശി വാ എന്ന ​ഗാനം അങ്ങനെയാണുണ്ടായതെന്നും ആലപ്പി അഷറഫ് പറയുന്നു. ഇളം മഞ്ഞിൻ കുളിരുമായി എന്ന പാട്ട് ജാനകിയമ്മ രണ്ടാമത് പാടിയതിനെക്കുറിച്ചും ആലപ്പി അഷറഫ് സംസാരിച്ചു. ഇളം മഞ്ഞിൻ കുളിരുമായി എന്ന പാട്ട് ജാനകിയമ്മ വന്ന് പാടുമ്പോൾ ഞാൻ തിയറ്ററിലുണ്ട്. വൗച്ചറും പാടുന്ന കാശുമെല്ലാം കൊടുക്കണം. അവർ മനോഹരമായി പാടിയിരുന്നു. എല്ലാം കഴിഞ്ഞ് തിയറ്ററിലെ ലൈറ്റ് ഓഫ് ചെയ്തു. കാശ് കൊടുത്ത് ഇറങ്ങി വരുന്ന വഴി ജാനകിയമ്മ നേരെ സൗണ്ട് എഞ്ചിനീയറുടെ റൂമിലോട്ട് കയറി. പാടിയത് ഒരു വട്ടം കൂടി കേൾക്കണമെന്ന് പറഞ്ഞു. അയാൾ വീണ്ടും ലൈറ്റ് ഇട്ടു. പാട്ടിന്റെ ഏതോയൊരു ഭാ​ഗം കേട്ടപ്പോൾ ഒരു വട്ടം കൂടി പാടണമെന്ന് ജാനകിയമ്മ. അന്ന് പാട്ട് മുഴുവൻ വീണ്ടും പാടണം. അവർ വീണ്ടും പാടി. അത്ര ഡെഡിക്കേഷൻ ആണെന്ന് ആലപ്പി അഷറഫ് ചൂണ്ടിക്കാട്ടി. യേശുദാസിനെക്കൊണ്ട് പാടിപ്പിച്ചതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. ഇതിനകത്ത് മോഹഭം​ഗ മനസിലേ എന്ന് യേശുദാസ് പാടുന്ന ഭാ​ഗമുണ്ട്. അദ്ദേഹം പാടിയ മുഴുവൻ പാട്ടിന് നേരത്തെ പണം കൊടുത്തതാണ്. യേശുദാസ് അത്രയും പാടിയാൽ വീണ്ടും പ്രതിഫലം നൽകേണ്ടി വരുമെന്ന് കണ്ണൂർ രാജൻ പറഞ്ഞു. അത് നിയമമാണ്. ദാസേട്ടൻ നിന്നങ്ങ് പാടി. പുള്ളിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു പാട്ട് . പൈസ വേണ്ട മോനെ എന്ന് ദാസേട്ടൻ പറയുകയും ചെയ്തു. പാട്ട് അത്രയും ഇഷ്ടപ്പെട്ടത് കൊണ്ടാണ് പ്രതിഫലം വാങ്ങാതിരുന്നത്. എന്നാൽ താൻ പ്രതിഫലം റെ‍ഡിയാക്കി വെച്ചിരുന്നെന്നും ആലപ്പി അഷറഫ് ഓർത്തു.