ഭാരത് എന്ന പേരുമാറ്റം ; പ്രതികരിച്ച് അമിതാഭ് ബച്ചനും കങ്കണാ റണാവത്തും

രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പെരുമാറ്റ ചര്‍ച്ചക്കിടെ സമൂഹ മാധ്യമത്തില്‍ ഭാരത് മാതാ പോസ്റ്റുമായി നടൻ അമിതാഭ് ബച്ചൻ രംഗത്ത് വന്നിരിക്കുകയാണ്. ഭാരത് മാതാ കീ ജയ് എന്നാണ്…

രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പെരുമാറ്റ ചര്‍ച്ചക്കിടെ സമൂഹ മാധ്യമത്തില്‍ ഭാരത് മാതാ പോസ്റ്റുമായി നടൻ അമിതാഭ് ബച്ചൻ രംഗത്ത് വന്നിരിക്കുകയാണ്. ഭാരത് മാതാ കീ ജയ് എന്നാണ് എക്സ് അകൗണ്ടിൽ അമിതാഭ് ബച്ചൻ കുറിച്ചത്. ഇമോജിയായി ഇന്ത്യൻ പതാകയും ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്ന ചര്‍ച്ചക്കിടെയാണ് രാജ്യത്തെ മുൻനിര നടന്മാരിലൊരാളായ അമിതാഭ് ബച്ചന്‍റെ പോസ്റ്റ് വന്നിരിക്കുന്നത്. നടന്‍റെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും ഏറെപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നടൻ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്നാണിത് സൂചിപ്പിക്കുന്നതെന്ന് കമന്‍റ് ചെയ്തവരുമുണ്ട്. ജി-20 സമ്മേളനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കുന്ന അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്‍റ് ഓഫ് ഭാരത്’ എന്നാണ് ഉള്‍പ്പെടുത്തിയത്. ഇതുവരെയുള്ള രാഷ്ട്രപതിയുടെ രേഖകളില്‍ പ്രസിഡന്‍റ് ഓഫ് ഇന്ത്യ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അമൃത്കാലിലേക്ക് രാജ്യം കടക്കുകയാണെന്നും അതിനാല്‍ ഭാരത് എന്ന പേരാണ് ഉചിതമെന്ന അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ കുറിപ്പും വാര്‍ത്തക്ക് പിന്നാലെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഇൻഡ്യ എന്ന പേരില്‍ വിശാല സഖ്യം രൂപവത്കരിച്ചതിന് പിന്നാലെ മുന്നണിക്കെതിരെ മോദി രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇന്ത്യയെന്ന പുതിയ പേരിനെ മോദി ഭയക്കുകയാണെന്നും പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേര് നല്‍കിയപ്പോള്‍ മോദിക്ക് വെറുപ്പ് വര്‍‍ധിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍ ര‌ജ്ഞൻ ചൗധരി വിമര്‍ശിച്ചു. അമിതാഭ് ബച്ചൻ മാത്രമല്ല ഇന്ത്യയൊട്ടാകെയുള്ള നടൻമാർ ഈ ഒരു വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തു വന്നിട്ടുണ്ട്. ഹരീഷ് പേരടിയും ഉണ്ണി മുകുന്ദനും ഒക്കെ വിഷയത്തിൻമേൽ തങ്ങൾക്കുള്ള  അഭിപ്രായങ്ങൾ ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്. എന്നാൽ ഈ ഒരു വിഷയത്തിൽ അധികം നടികൾ ആരും തന്നെ പ്രതികരിച്ചു രംഗത്ത് വന്നിട്ടില്ല. പക്ഷെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പിന്നാലെ ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍ നാമകരണം ചെയ്യാനുള്ള ആവശ്യത്തോട് പ്രതികരിച്ച്‌ ബോളിവുഡ് നടി കങ്കണ റണാവത്ത് രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ എന്ന പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നേരത്തെ കുറിച്ച പോസ്റ്റ് കങ്കണ വീണ്ടും പങ്കുവെച്ചിരിക്കുകയാണ്. അടിമ നാമം ഇന്ത്യ ഇല്ലാതാക്കണമെന്നും പകരം ഭാരത് എന്ന് രാജ്യത്തെ വിളിക്കണമെന്നും രണ്ട് വര്‍ഷം മുമ്പ് കങ്കണ റണാവത്ത്  പറഞ്ഞിരുന്നു. ഈ കുറിപ്പാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിലര്‍ ഇതിനെ ബ്ലാക്ക് മാജിക് എന്ന് വിളിക്കുന്നു. ഇത് ചാരനിറത്തിലുള്ള തേൻ മാത്രമാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, അടിമ നാമത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ടു. ജയ് ഭാരത്. എന്ന അടിക്കുറിപ്പിനൊപ്പമാണ് കങ്കണ റണാവത്ത് പഴയ പോസ്റ്റ് വീണ്ടും പങ്കുവെച്ചത്.ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന പേര് മാറ്റാനുള്ള നീക്കം അണിയറയില്‍ സജീവമാക്കി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അവര്‍ക്ക് വിലങ്ങു തടിയാവുന്നത് രാജ്യത്തെ ഭരണഘടനയാണ്. പരമാധികാര റിപ്പബ്ലിക് ആയി പ്രഖ്യാപിക്കുകയും ഭരണഘടന അംഗീകരിക്കുകയും ചെയ്ത ഇന്ത്യ, ഭരണഘടനയുടെ അനുച്ഛേദം ഒന്നിൽ തന്നെ ഇന്ത്യ എന്ന നാമകരണത്തെ നിയമപരമായി സാധൂകരിക്കുന്ന വ്യവസ്ഥ എഴുതി ചേര്‍ത്തിട്ടുണ്ട്.ഇന്ത്യ എന്നാല്‍ ഭാരതം.

അത് സംസ്ഥാനങ്ങളുടെ യൂണിയനായിരിക്കും എന്ന ഭരണഘടനാ കല്‍പ്പന തന്നെയാണ് രാജ്യത്തിന്റെ പേര് മാറ്റ ചര്‍ച്ചയ്ക്കിടെ പ്രധാനമായും ഉയര്‍ന്നു വരുന്നത്. ഭരണഘടനയിലെ അനുച്ഛേദം 1 ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും അതിന് നിയമപരമായ ഒട്ടേറെ കടമ്പകളുണ്ട്. 2016 മാര്‍ച്ചില്‍ അന്നത്തെ ചീഫ് ജസ്റ്റിസായ ടി.എസ് താക്കൂര്‍ ഇതു സംബന്ധിച്ച്‌ സുവ്യക്തമായ വിധിന്യായം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസ് യു.യു ലളിത് അംഗവുമായ ബെഞ്ച് വിധി പറഞ്ഞത് ഇങ്ങനെയാണ്. ഇന്ത്യയെന്നോ ഭാരതമെന്നോ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ. മറ്റുള്ളവര്‍ക്ക് അവര്‍ക്കിഷ്ടമുള്ളതു പോലെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കട്ടെ ഇത്തരം ഹര്‍ജികളെ കോടതി പ്രോത്സാഹിപ്പിക്കില്ലെന്നും താക്കീത് നല്‍കിയാണ് പൊതു താല്‍പര്യ ഹര്‍ജി സുപ്രിം കോടതി തള്ളിയത്. പിന്നീട് 2020ലും സമാന ആവശ്യവുമായി സുപ്രീം കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജിയെത്തി. അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചും ഹര്‍ജി തള്ളുകയായിരുന്നു. ഇത്തരം ഹര്‍ജികള്‍ കോടതിയുടെ സമയം കളയുന്നുവെന്ന് വാക്കാല്‍ പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ്, ഭരണ ഘടനയില്‍ പറയും പ്രകാരം ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതില്‍ തെറ്റില്ല. ഭരണ ഘടനയില്‍ തന്നെ ഇന്ത്യയെ ഭാരത് എന്ന് വിളിക്കാമെന്ന് പറയുന്നത് ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി ഹര്‍ജി തള്ളുകയായിരുന്നു.ഭാരതം എന്നത് രാജ്യത്തിന്റെ ഔദ്യോഗിക പേരായി ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെങ്കില്‍ അതിനായി പ്രത്യേക ബില്ല് അവതരിപ്പിക്കേണ്ടി വരും. ഭരണഘടനയുടെ അനുച്ഛേദം 1 ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് സാധിക്കും. എന്നാല്‍ മൂന്നില്‍ രണ്ട് ഹാജരായ അംഗങ്ങള്‍ ഇരു സഭകളിലും ഉണ്ടാവണം. ആകെ ഹാജരായ അംഗങ്ങളില്‍ 66 ശതമാനം പേര്‍ ബില്ലിനെ പിന്തുണച്ചാല്‍ ഭേദഗതി പാസാകും. അപ്പോൾ ഇന്ത്യ എന്ന പേര് മാറുമോ തുടരുമോ എന്ന് കാത്തിരുന്ന് കാണാം.