ലാലേട്ടന് ഒന്ന് പോയി കണ്ടൂടെ ; വീട്ടുകാർക്കോ വേണ്ട, സംഘടന ടി പി മാധവനെ അവഗണിക്കുന്നു 

മലയാളികൾക്ക് സുപരിചിതനായ നടനാണ് ടി.പി മാധവൻ.ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായിരുന്ന ടി.പി മാധവൻ ഇന്ന് പത്തനാപുരം ​ഗാന്ധിഭവനിലെ അന്തേവാസിയാണ്‌. ഓർമ നശിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ കാണാൻ സഹപ്രവർത്തകരോ പരിചയക്കാരോ ബന്ധുക്കളോ ആയി…

മലയാളികൾക്ക് സുപരിചിതനായ നടനാണ് ടി.പി മാധവൻ.ഒരുകാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായിരുന്ന ടി.പി മാധവൻ ഇന്ന് പത്തനാപുരം ​ഗാന്ധിഭവനിലെ അന്തേവാസിയാണ്‌. ഓർമ നശിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ കാണാൻ സഹപ്രവർത്തകരോ പരിചയക്കാരോ ബന്ധുക്കളോ ആയി അധികമാരും എത്താറില്ല. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമ താരങ്ങളുടെ സംഘടനയായ എ എം എം എയുടെ ആദ്യ ജനറൽ സെക്രട്ടറി കൂടിയായിരുന്നു ടി. പി മാധവൻ. അറുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട് അദ്ദേഹം. മോഹൻലാൽ അടക്കമുള്ള താരങ്ങളുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യവുമായിരുന്നു ഒരു കാലത്ത് ടി. പി മാധവൻ. വീട്ടുകാർ പോലും തിരിഞ്ഞ് നോക്കാതായതോടെയാണ് തല ചായ്ക്കാൻ ഇടംതേടി അ​ദ്ദേഹം ​ഗാന്ധി ഭവനിൽ എത്തിയത്. എല്ലാവിധ സൗകര്യങ്ങളും നൽകി സിനിമാക്കാരനെന്ന പ്രൗഢിയോടെ ഷൂട്ടിങ് സെറ്റിലെ പഴയ ഓർമകൾ അയവിറക്കിയാണ് ടി.പി മാധവന്റെ ​ഗാന്ധിഭവനിലെ  താമസം. വളരെ കുറച്ച് സിനിമാക്കാർ മാത്രമെ ഇപ്പോൾ‌ അദ്ദേഹത്തിന്റെ ഓർമയിലുള്ളു. എട്ട് വർഷമായി ടി.പി മാധവൻ ഗാന്ധിഭവനിൽ എത്തിയിട്ട്.

ചിലതെല്ലാം മാധവൻ ഓർത്ത് പറയുന്നുണ്ടെങ്കിലും പലകാര്യങ്ങളിലും വ്യക്തതയില്ല. സുരേഷ് ഗോപി, ജയരാജ് വാര്യർ, നടി ചിപ്പി തുടങ്ങി ചുരുക്കം ചില സഹപ്രവർത്തകരാണ് മാധവനെ കാണാൻ ​ഗാന്ധിഭവനിൽ ഇക്കാലയളവിൽ എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ അവസാന കാലം വരെ ഗാന്ധിഭവൻ ശുശ്രൂഷ നൽകുമെന്ന് അടുത്തിടെ ഗാന്ധിഭവൻ വൈസ് ചെയർമാൻ അമൽ രാജ് പറഞ്ഞിരുന്നു. അദ്ദേഹത്തെ കാണാൻ കുടുംബാംഗങ്ങളാരും ഗാന്ധിഭവനിൽ എത്താറില്ല. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയിൽ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയൽ സംവിധായകൻ പ്രസാദ് ടി.പി മാധവനെ ഗാന്ധിഭവനിൽ എത്തിക്കുന്നത്. ഗാന്ധിഭവനിൽ എത്തിയതിന് ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവി രോഗം ബാധിച്ചതോടെ അഭിനയം പൂർണമായും ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം നടനും മന്ത്രിയുമായ കെ ബി ​ഗണേഷ് കുമാർ ടി.പി മാധവനെ സന്ദർശിക്കാൻ ​ഗാന്ധി ഭവനിൽ എത്തുകയും അൽപ്പനേരം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുകയും ചെയ്തിരുന്നു. ഗതാഗത മന്ത്രിയായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവനിൽ ഗണേഷ് കുമാർ സന്ദർശനം നടത്തിയത്. മോഹൻലാലിനെ കാണാനുള്ള ആഗ്രഹം അ​ദ്ദേഹം തന്നെ കാണാനെത്തുന്നവരോട് എപ്പോഴും പങ്കുവെക്കാറുള്ളതാണ്. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. മോഹൻലാൽ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വന്നു കാണാമെന്ന ഉറപ്പും ടി.പി മാധവന് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്.  ​ഗാന്ധി ഭവന്റെ സോഷ്യൽ മീഡിയ പേജിൽ ​ഗണേഷ് കുമാറിനൊപ്പമുള്ള ടി.പി മാധവന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ലാലേട്ടന് അദ്ദേഹത്തെ ഒന്നു പോയി കണ്ടൂടെ, മരിച്ച് കഴിഞ്ഞിട്ട് പോസ്റ്റ് ഇട്ട് വിഷമം അറിയിച്ചിട്ട് ഒരു കാര്യവുമില്ല ജീവിച്ചിരിക്കുമ്പോഴാണ് സ്നേഹവും പരിഗണനയും നൽകേണ്ടത്, അദ്ദേഹത്തെ പോലെയുള്ള കലാകാരന്മാരോട് സിനിമ സംഘടനകൾ കാണിക്കുന്നത് കടുത്ത അവഗണനയാണ്‌, സ്വന്തം വീട്ടുകാർക്കോ വേണ്ട, ആയുഷ്കാലം മുഴുവൻ സിനിമയെ സ്നേഹിച്ച മനുഷ്യനാണ്, സിനിമയിൽ ഉള്ളവർ ഇങ്ങിനെ അവഗണിക്കരുത് എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ. ‘ടി.പി മാധവനെ ഇപ്പോഴും സഹായിക്കുന്നത് താര സംഘടനയായ എ എം എം എയാണ്. അദ്ദേഹത്തിന്റെ ആശുപത്രി ബില്ലുകള്‍ അടക്കം അടച്ചത് സംഘടനയാണ്. എല്ലാ മാസവും അദ്ദേഹത്തിനുള്ള കൈനീട്ടം നല്‍കാറുണ്ട്. രണ്ടര മാസത്തോളം ആശുപത്രിയില്‍ കൂട്ടിരുന്നു. ഇതിനിടെയിലാണ് ഹരിദ്വാര്‍ യാത്ര പോയത്. അവിടുന്നാണ് പക്ഷാഘാതം ഉണ്ടാകുന്നത്. അവിടെ മാധവന്‍ ചേട്ടനെ തിരിച്ചറിഞ്ഞ പൂജാരിയാണ് സുരേഷ് ഗോപിയെ വിളിച്ച് അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞത്. പിന്നീടാണ് അദ്ദേഹത്തിന് ആയുര്‍വേദ ചികില്‍സ നല്‍കിയത്’, എന്നാണ് അടുത്തിടെ ടി.പി മാധവനെ കുറിച്ച് സംസാരിച്ച് കൊണ്ട് നടനും എ എം എം എയുടെ നിലവിലെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു പറഞ്ഞത്