Film News

മകളെ കാണാന്‍ വന്നിട്ടില്ല, ജീവനാംശമായി നല്‍കിയത് 25 ലക്ഷം രൂപ!!! ബാലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

കഴിഞ്ഞ ദിവസങ്ങളായി ഗായിക അമൃത സുരേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഭര്‍ത്താവ് ബാല ആരോപിച്ചത്. മകളെ കാണിക്കുന്നില്ലെന്നും തനിക്കെതിരെ പോക്‌സോ കേസ് നല്‍കിയെന്നെല്ലാം ബാല ആരോപിച്ചിരുന്നു. അമൃതയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടെന്നും അതാണ് ഡിവോഴ്‌സിന് പിന്നിലെന്നും ബാല ആരോപിച്ചിരുന്നു.

നടന്‍ ബാലയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇതുവരെയും അമൃതയുടെ ഭാഗത്തുനിന്നും ഒരു ആരോപണങ്ങളും ഉണ്ടായിട്ടില്ല. പരസ്പരം സോഷ്യല്‍മീഡിയയിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് കണ്ടീഷനിരിക്കെയാണ് ബാല അമൃതയെ വ്യക്തിഹത്യ ചെയ്യുന്നത്. എന്റെ ഭാഗത്തെ സത്യം എന്നു പറഞ്ഞ് അമൃത പങ്കുവച്ച വീഡിയോ ഗോപി സുന്ദറും പങ്കുവച്ചിട്ടുണ്ട്. അഭിമാന നിമിഷം സത്യസന്ധമായ ന്യൂയര്‍ എന്നു പറഞ്ഞാണ് ഗോപി സുന്ദര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

തന്റെ വക്കീലുമാര്‍ക്കൊപ്പമാണ് അമൃത വീഡിയോയിലെത്തിയത്. അഡ്വക്കേറ്റ് രജനിയും സുധീറും ആണ് അമൃതയുടെ അഭിഭാഷകര്‍. വിവാഹമോചന സമയത്തു സംഭവിച്ച കാര്യങ്ങള്‍ എല്ലാം പെറ്റീഷനിലുള്ളത് അവര്‍ വിശദീകരിക്കുന്നുണ്ട്.

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് നടന്നത്. ഒരാള്‍ക്കെതിരെ മറ്റൊരാള്‍ യാതൊരു വിധ പോസ്റ്റുകളോ പ്രസിദ്ധീകരണങ്ങളോ ചെയ്യാന്‍ പാടില്ല എന്ന് പരസ്പര ധാരണ പ്രകാരമുള്ള വിവാഹമോചന ഉടമ്പടിയില്‍ സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് ബാല ഉയര്‍ത്തുന്ന പല ആരോപണങ്ങളും.

മകള്‍ക്ക് 18 വയസ്സ് ആകുന്നതുവരെ അമ്മയാണ് കുഞ്ഞിന്റെ രക്ഷിതാവ്. മകളെ കാണാന്‍ ബാലയ്ക്ക് അനുവാദവുമുണ്ട്. ഉപാധികള്‍ അനുസരിച്ച് കുഞ്ഞിനെ എല്ലാ രണ്ടാം ശനിയാഴ്ചയും അമൃതയോ അവരുടെ അമ്മയോ കോടതിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് മണിവരെ അച്ഛനെ കാണിക്കാന്‍ അവസരമുണ്ട്. അതനുസരിച്ച് കുഞ്ഞുമായി പോയപ്പോള്‍ ഉണ്ടായ കാര്യങ്ങളും വ്യക്തമാക്കി. അങ്ങനെ ആദ്യമായി കൊണ്ടുപോയപ്പോള്‍ ബാല കുഞ്ഞിനെ കാണാനെത്തിയില്ല. എന്തെങ്കിലും തടസമെങ്കില്‍, കോടതിയില്‍ നല്‍കിയ ഇമെയില്‍ വിലാസം അല്ലെങ്കില്‍ ഫോണ്‍ കോള്‍ വഴി അമൃതയെ അറിയിക്കണം എന്നുമുണ്ട്. എന്നാല്‍ തനിക്ക് മെസ്സേജ് വരികയോ ഇമെയില്‍ അയക്കുകയോ ചെയ്തിട്ടില്ല എന്ന് അമൃത പറയുന്നു.

AMRITHA SURESH

സോഷ്യല്‍മീഡിയ വഴി മാത്രണാണ് ബാലയുടെ ആരോപണങ്ങള്‍. സോഷ്യല്‍ മീഡിയ വഴിയാണ് മകളെ കാണിക്കുന്നില്ല എന്ന് പറയുന്നത്. താന്‍ കുഞ്ഞിനെ പിടിച്ചുവച്ചിരിക്കുന്നു എന്ന് കാണിക്കാനും തേജോവധം ചെയ്യാനും മാത്രമാണ് ബാലയുടെ ആരോപണം. കോംപ്രമൈസ് പെറ്റീഷന്‍ പ്രകാരം 25 ലക്ഷം രൂപ അമൃതയ്ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ അവന്തിക എന്ന മകളുടെ പേരില്‍ 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുമാണുള്ളത്. ഈ പെറ്റീഷന്‍ പ്രകാരം കുഞ്ഞിനെ വളര്‍ത്താനുള്ള തുകയോ, വിദ്യാഭ്യാസത്തിന്റെയോ, വിവാഹത്തിന്റെ ചിലവുകളോ കൊടുക്കുമെന്ന് പറഞ്ഞിട്ടില്ല. കുഞ്ഞിന്റെ പിതാവായി എന്നും ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കാര്യം ലംഘിച്ചിട്ടുമില്ല. സ്‌കൂള്‍ റെക്കോര്‍ഡിലെല്ലാം ബാല തന്നെയാണ് പിതാവ്. കുഞ്ഞിന്റെ രക്ഷിതാവായി അമൃതയെ നിശ്ചയിച്ച സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

അമൃതയ്ക്ക് മാത്രമാകും കുഞ്ഞിന്റെ ചുമതല എന്നും പറയുന്നുണ്ട്. മൈനര്‍ ആയ കുഞ്ഞിന്റെ കാര്യങ്ങള്‍ ഒന്നിലും ബാല ഇടപെടില്ല എന്നും പറയുന്നുണ്ട്. ഇനിയും ഉടമ്പടി പ്രകാരം പറഞ്ഞ കാര്യങ്ങളില്‍ ലംഘനമുണ്ടായാല്‍ നിയമപരമായി നേരിടാന്‍ അഭിഭാഷകരോട് അമൃത പറയുന്നുണ്ട്.

മാത്രമല്ല ബാലക്കെതിരെ പോക്‌സോ കേസ് നല്‍കിയെന്നതിലും അമൃത വിശദീകരിക്കുന്നുണ്ട്. പോക്‌സോ കേസ് കൊടുത്താന്‍ ഉടന്‍ തന്നെ ആളെ റിമാന്‍ഡ് ചെയ്യും. കേസ് കൊടുത്തതിന് രേഖയില്ല. പോക്‌സോ പ്രകാരം കേസ് ഉണ്ടെങ്കില്‍ പോലീസ് റിമാന്‍ഡ് ചെയ്യേണ്ടതാണ്. അത് സംഭവിച്ചിട്ടില്ലെന്നും അമൃത വ്യക്തമാക്കി.

Anu B