Film News

എന്റെ സെക്ഷ്വാലിറ്റി തുറന്നു പറഞ്ഞട്ടില്ല!’വീട്ടിൽ പൊക്കിയതാണ്’ ; ചില ഫോട്ടോസ് അമ്മയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്, അനഘ രവി

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്‌ത  കാതൽ ദി കോർ എന്ന ചിത്രം ഗംഭീര പ്രതികരണങ്ങൾ നേടി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം തിയേറ്ററുകളിൽ ഹൗസ്ഫുള്ളായി മുന്നേറുമ്പോൾ തന്നെ സോഷ്യൽ മീഡിയയിലും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാ താരങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ എത്തിയത് ന്യൂ നോർമൽ എന്ന ഷോർട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയിട്ടുള്ള അനഘ രവിയാണ്. താനൊരു ബൈസെക്ഷ്വലാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള ആളാണ് അനഘ. കാതലിന്റെ പ്രമേയവും അതിലെ പ്രണയവുമെല്ലാം ചർച്ചയാകുമ്പോൾ തന്റെ സെക്ഷ്വാലിറ്റിയെ കുറിച്ച് സംസാരിക്കുകയാണ് അനഘ ഇപ്പോൾ. സെക്ഷ്വാലിറ്റിയെ കുറിച്ച് ശരിയായ ധാരണ ഇല്ലാത്തവർക്ക് അത് ബോധ്യപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും അച്ഛനും അമ്മയും ഒരുപാട് സമയം എടുത്തിട്ടാണ് തന്നെ മനസ്സിലാക്കിയതെന്നും അനഘ പറയുന്നു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എന്റെ സെക്ഷ്വാലിറ്റി തുറന്നു പറയേണ്ട ഒരു ആവശ്യവും എനിക്കില്ല. അത് എന്റെ മാത്രം കാര്യമാണ്. ഞാൻ അങ്ങനെ പറഞ്ഞു നടക്കേണ്ട ആവശ്യമില്ല.

സ്ട്രൈറ്റ് ആയിട്ടുള്ള ആളുകൾ അങ്ങനെയാണെന്ന് പറഞ്ഞു നടക്കില്ലല്ലോ. എന്നാൽ സെക്ഷ്വാലിറ്റി തുറന്നു പറയാൻ കഴിയാത്ത ആളുകളുണ്ട്. അവർക്ക് ഒരു സപ്പോർട്ട് എന്ന രീതിയിലാണ് ഞാൻ മുന്നോട്ട് വന്നത്. ആളുകൾക്ക് ഇങ്ങനെയൊരു കാര്യമുണ്ടെന്ന് ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് കൂടിയായിരുന്നു ലക്ഷ്യം. എന്റെ അച്ഛനും അമ്മയ്ക്കുമാണെങ്കിലും അറിയാത്തൊരു കാര്യമായിരുന്നു ഇത്. അതുകൊണ്ടു തന്നെ ആദ്യമായി ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ പ്രകൃതിവിരുദ്ധമാണെന്ന രീതിയിലായിരുന്നു അവരുടെ റിയാക്ഷൻ. അവരെ ബോധ്യപ്പെടുത്താൻ രണ്ടു മൂന്ന് വർഷമെടുത്തു. അമ്മയ്ക്ക് ഞാൻ ഇതു സംബന്ധിച്ച് കത്തുകളൊക്കെ എഴുതുമായിരുന്നു. എനിക്കുണ്ടായിരുന്ന ലോക വിവരം ഇതാണെന്നും ഞാൻ വളർന്നു കൊണ്ടിരിക്കുന്ന സ്പേസ് ഇങ്ങനെയാണെന്നുമെല്ലാം പറഞ്ഞു കൊണ്ടായിരുന്നു അത്. സെക്ഷ്വാലിറ്റി എന്നത് ട്രെൻഡ് ആണെന്ന വിചാരം ആയിരുന്നു അവർക്ക്. എന്നാൽ അത് അങ്ങനെയല്ലായെന്ന് ബോധ്യപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അവരത് ആക്സെപ്റ്റ് ചെയ്യണമെങ്കിൽ സ്വാഭാവികമായിട്ടും സമയമെടുക്കും. ഇത്രയും കാലം വളർന്ന അറിവുകളിൽ നിന്ന് മാറി ചിന്തിക്കാൻ എന്തായാലും സമയം വേണം. അതൊരിക്കലും പെട്ടെന്ന് ബ്രേക്ക് ചെയ്യാനാവില്ല. എനിക്കാണെങ്കിലും അങ്ങനെ തന്നെയാണ്. ഇപ്പോൾ എന്റെ അച്ഛനും അമ്മയും കാതൽ സിനിമ കണ്ടിട്ട് അത് ആക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ആളുകളോട് പറയുന്നത് എന്താല്ലേ സിമ്പിളായി ചിന്തിച്ചാൽ അത് സ്നേഹമല്ലേ എന്നാണ്.

അമ്മ അങ്ങനെ പറഞ്ഞ് എന്റെ മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ ഈയൊരു സിനിമയ്ക്ക് വേണ്ടി നിൽക്കുന്നതിൽ എനിക്ക് അഭിമാനം തോന്നുകയാണ് എന്നും  അനഘ പറഞ്ഞു. സെക്ഷ്വാലിറ്റി സ്വയം തിരിച്ചറിഞ്ഞതിനെ കുറിച്ചും പ്രണയം വീട്ടിൽ പിടിച്ചതിനെ കുറിച്ചും അനഘ അഭിമുഖത്തിൽ സംസാരിച്ചു. ഒരാളെ കണ്ടുമുട്ടി അയാളോട് എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ തോന്നുമ്പോഴാണ് നമുക്ക് സെക്ഷ്വാലിറ്റി തിരിച്ചറിയാൻ കഴിയുക. അയാൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് എനിക്ക് മനസിലായത്. ബൈസെക്ഷ്വൽ എന്താണെന്നൊന്നും എനിക്കും നേരത്തെ അറിയില്ലായിരുന്നു. എനിക്ക് ഇഷ്ടം തോന്നിയ ആൾ ഇതിനെ കുറിച്ച് പറഞ്ഞു തരുമ്പോഴാണ് മനസിലാക്കുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ എനിക്ക് ബോയ്‌ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരുന്നു. അവരോടൊക്കെ തോന്നിയ അതേ ഫീലിങ്ങാണ് അയാളോടും തോന്നിയത്. അതുകൊണ്ടാണ് സംശയം വന്നതെന്നും അനഘ പറയുന്നു. ‘വീട്ടിൽ പറഞ്ഞത് ആയിരുന്നില്ല, പൊക്കിയതാണ്. വീട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് പിന്നെ പറയാമെന്ന് കരുതി ഞാൻ വെയ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ ഒരു ഫ്രണ്ട് പണിതന്നു. അവൾ ഞങ്ങളുടെ ചില ഫോട്ടോസ് അമ്മയ്ക്ക് അയച്ചു കൊടുത്തു. അങ്ങനെ പിന്നെ ബഹളമായി. എന്നാലിപ്പോൾ അവർ അതിൽ നിന്നും മൂവ് ഓൺ ചെയ്തു എന്നും  അനഘ രവി പറയുന്നു.

Sreekumar R