‘സ്വന്തം അച്ഛനായി തന്നെ അനുഭവപ്പെട്ടു’അങ്ങനെയാണ് അദ്ദേഹം ; മമ്മൂട്ടിയെപ്പറ്റി അനഘ രവി 

സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടി നായകൻ ആയെത്തിയ  കാതൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും  ലഭിച്ചു കൊണ്ടിരിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രമായി…

സിനിമാ പ്രേമികളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലായി മമ്മൂട്ടി നായകൻ ആയെത്തിയ  കാതൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്നും  ലഭിച്ചു കൊണ്ടിരിക്കുന്നത്. മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടിയും ഭാര്യ ഓമനയായി ജ്യോതികയും തകർത്തു എന്നാണ് പൊതുവെ വരുന്ന അഭിപ്രായങ്ങൾ. സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റുതാരങ്ങളും കയ്യടി നേടുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് അനഘ രവി. ചിത്രത്തില്‍ മമ്മൂട്ടിയുടെയും ജ്യോതികയുടെയും മകളായി അഭിനയിച്ച നടിയാണ് അനഘ. ആദ്യ സിനിമയിൽ തന്നെ മലയാളത്തിലെ മഹാനടനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അനഘ. ഇപ്പോഴിതാ ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. കാതലിലേക്ക് താൻ എത്തിയത് എങ്ങനെയാണെന്നും അനഘ പറഞ്ഞു. മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ന്യൂ നോര്‍മല്‍ എന്ന ഒരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ട് സംവിധായകന്‍ ജിയോ ബേബി വിളിച്ച് അഭിനന്ദിച്ചിരുന്നു. അപ്പോഴാണ് കാതല്‍ എന്ന സിനിമയെ കുറിച്ച് പറഞ്ഞത്.

അന്നേ ഞാന്‍ എക്‌സൈറ്റഡായിരുന്നു. ന്യൂ നോര്‍മല്‍ എന്ന ഹ്രസ്വ ചിത്രം മമ്മൂക്ക കണ്ടിട്ടുണ്ടെന്നും മകളായി അഭിനയിക്കുന്നത് ഞാനാണെന്ന് പറഞ്ഞപ്പോൾ, ‘എനിക്ക് അറിയാം, നല്ല ആര്‍ട്ടിസ്റ്റാണ്, ഇവര്‍ തന്നെ മതി’ എന്ന് അദ്ദേഹം പറഞ്ഞു. അതറിഞ്ഞപ്പോഴും ഭയങ്കര ത്രില്ലിലായിരുന്നു, എന്നും ” അനഘ പറയുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവങ്ങളും സെറ്റിലെ നല്ല ഓർമകളും അനഘ പങ്കുവെച്ചു. ‘ഒരു ക്രൂഷലായുള്ള സീനില്‍, മമ്മൂക്കയ്ക്ക് ഒപ്പമുള്ള എന്റെ അഭിനയം നന്നായെന്ന് എല്ലാവരും പറയുന്നുണ്ടെങ്കില്‍, അതിന് കാരണം ഇക്കയാണ്. കോ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം തന്ന ഇന്‍പുട്ടാണ് എനിക്ക് വര്‍ക്കൗട്ട് ആയത്. അഭിനയക്കുകയാണെന്ന് ഫീല്‍ ചെയ്യാത്ത വിധം, സ്വന്തം അച്ഛനായി തന്നെ അനുഭവപ്പെട്ടു. കൂടെ അഭിനയിക്കുന്നവരെ അദ്ദേഹം അത്രയും കംഫര്‍ട്ട് ആക്കും’, അനഘ പറഞ്ഞു. മമ്മൂക്കയ്‌ക്കൊപ്പമുള്ള സെറ്റിലെ ഓരോ നിമിഷവും ഫണ്‍ ആയിരുന്നു. എല്ലാ ദിവസവും എന്തെങ്കിലും രസകരമായ കാര്യങ്ങളൊക്കെ ഉണ്ടാവും. വര്‍ക്കൗട്ടിനെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു. അദ്ദേഹം എന്റെ ഡ്രസിങ്ങിനെയൊക്കെ കളിയാക്കും. അതെല്ലാം ഞാന്‍ ആസ്വദിച്ചിരുന്നു. എനിക്ക് ശരീരത്തില്‍ ഒരുപാട് ടാറ്റു ഉണ്ട്. ഷോട്ടിന് മുന്‍പ് അത് മറച്ചുവയ്ക്കാൻ മേക്കപ്പിടും. മേക്കപ്പിട്ടു കഴിഞ്ഞാല്‍ ഡ്രസ്സില്‍ പറ്റാതിരിക്കാന്‍ ഞാന്‍ കൈ ശരീരത്തോട് തൊടാതെ നില്‍ക്കുമായിരുന്നു.

അത് കണ്ടിട്ട് ‘നീ എന്താ ഇവിടെ ഗുണ്ടായിസം’ കാണിക്കുകയാണോ എന്നൊക്കെ ചോദിച്ചു മമ്മൂക്ക കളിയാക്കുമായിരുന്നു, അനഘ ഓർമിച്ചു. ജ്യോതിക മാം ശരിക്കുമൊരു അമ്മയെ പോലെ തന്നെയാണെന്നും വളരെ ഡൗണ്‍ ടു ഏര്‍ത്തായ വ്യക്തിയാണെന്നും അനഘ പറഞ്ഞു. സൂര്യ സെറ്റിൽ വന്നപ്പോൾ ഷൂട്ട് ഇല്ലാത്തതിനാൽ നേരിൽ കാണാൻ സാധിച്ചില്ല. എന്നാൽ വീഡിയോ കോളിലൂടെ സംസാരിക്കാൻ സാധിച്ചിരുന്നെന്നും നടി പറഞ്ഞു. തന്റെ കുടുംബത്തെക്കുറിച്ചും അനഘ അഭിമുഖത്തിൽ സംസാരിച്ചു. എറണാകുളം തന്നെയാണ് സ്ഥലം. വീട്ടില്‍ അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരുമുണ്ട്. അച്ഛനും അമ്മയും ടീച്ചേഴ്‌സാണ്. ഒന്‍പതാം ക്ലാസില്‍ വച്ച് ഞാൻ പഠനം നിര്‍ത്തി, ഹോം സ്‌കൂളിങ് ആയിരുന്നു. ടീച്ചേഴ്‌സിന്റെ മോളായിട്ട് എന്താണ് സ്‌കൂളില്‍ പോകാത്തത്, സ്‌കൂളും കോളേജും മിസ്സ് ചെയ്യില്ലേ എന്നൊക്കെ ആളുകള്‍ ചോദിക്കാറുണ്ട്. പക്ഷേ അതിലൊന്നും തനിക്ക് കുറ്റബോധമില്ലെന്നും തന്റെ ജീവിതം വേറെയാണെന്നും അനഘ രവി പറഞ്ഞു. അതേ സമയം സുധി കോഴിക്കോട്, അലക്സ് അലിസ്റ്റർ, ചിന്നു ചാന്ദിനി, മുത്തുമണി, ജോജി ജോൺ, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെയ്മർ എന്ന ചിത്രം എഴുതിയ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.