തൃപ്തി ദേശായിയേക്കാളും ക്ഷേത്ര ദര്‍ശനത്തിന് യോഗ്യ അമല പോള്‍!!!

കഴിഞ്ഞ ദിവസമാണ് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തിയ നടി അമല പോളിനു ക്ഷേത്ര ദര്‍ശനം നിഷേധിച്ച സംഭവം നടന്നത്. ക്ഷേത്ര ദര്‍ശനം വിലക്കിയതിനെ തുടര്‍ന്ന് താരം പുറത്തുനിന്ന് തൊഴുതാണ് മടങ്ങിയത്. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. വിഷയത്തില്‍ അഞ്ജു പാര്‍വതി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്.

അവിശ്വാസിയായ ഒരു ഹിന്ദു തിരുനടയ്ക്ക് മുന്നില്‍ ഭഗവാനെ കൈകൂപ്പാതെ നില്ക്കുന്നതിനേക്കാള്‍ ഭഗവാനിഷ്ടം വിശ്വാസിയായ ഒരു അഹിന്ദു ഭക്ത്യാദരപൂര്‍വ്വം തന്നെ ദര്‍ശിക്കുന്നതാണ്. ജന്മം കൊണ്ട് ഹിന്ദുവായ അവിശ്വാസിയാവുന്നതിനേക്കാള്‍ നൂറ് കോടി പുണ്യം ലഭിക്കുക കര്‍മ്മം കൊണ്ട് ഭക്തനായ അഹിന്ദു ആവുന്നതിലാണ്.

ഉദാഹരണത്തിന്, തൃപ്തി ദേശായി എന്ന സ്ത്രീയാണ് ഹിന്ദു എന്ന പ്രിവിലേജ് വച്ച് തിരുവൈരാണിക്കുളം ക്ഷേത്രത്തിലെത്തിയതെങ്കില്‍ തടയാന്‍ കഴിയില്ലല്ലോ. ആക്ടിവിസ്റ്റും atheist മായ അവരേക്കാള്‍ എന്ത് കൊണ്ടും ദര്‍ശനം എന്ന പുണ്യ പ്രവര്‍ത്തിക്ക് അര്‍ഹ അമല പോള്‍ എന്ന സദ്ഗുരുവിന്റെ അനുയായി തന്നെയാണ്.

ക്ഷേത്രങ്ങള്‍ പൊതുസ്വത്തല്ല എന്നുറച്ച് വിശ്വസിക്കുമ്പോള്‍ തന്നെ ഹിന്ദു ദേവതകളിലും ക്ഷേത്രങ്ങളിലും മറ്റ് മതക്കാര്‍ക്ക് വിശ്വാസം ഉണ്ടാവില്ലെന്നോ അങ്ങനെ ഉണ്ടാവരുതെന്നോ വാശി പിടിക്കാനും ആളല്ല ഞാന്‍. കാരണം എന്റെ അടുത്ത സുഹൃത്തുക്കളില്‍ പലരും മതത്തിന്റെ വേലിക്കെട്ടുകള്‍ മാറ്റി അയ്യപ്പനെയും ആറ്റുകാലമ്മയെയും കൃഷ്ണനെയും പത്മനാഭസ്വാമിയെയും ഒക്കെ ഭക്തിയോടെ ആരാധിക്കുന്നവരാണ്.

സനാതനധര്‍മ്മിയായ ഞാന്‍ പതിവായി വെട്ടുകാട് രാജനെ കണ്ട് പ്രാര്‍ത്ഥിക്കുന്ന ആളാണ്. ക്ഷേത്ര മുറ്റങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡുകള്‍ മാറ്റേണ്ടുന്ന കാലം കഴിഞ്ഞുവെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. പകരം ‘പ്രവേശനം ക്ഷേത്രാരാധനയില്‍ വിശ്വാസമുള്ള ഭക്തര്‍ക്ക് മാത്രം’ എന്ന് മാറ്റുക.

ഏതൊരു അമ്പലത്തിലും അവിടുത്തെ ദേവനിലോ ദേവിയിലോ അചഞ്ചല ഭക്തിയും വിശ്വാസവുമുള്ള ഏതൊരാള്‍ക്കും ക്ഷേത്രാചാരം പാലിക്കുമെങ്കില്‍ ഭഗവത് സന്നിധിയില്‍ എത്തപ്പെടാന്‍ കഴിയണം. അവിശ്വാസിയായ ഒരാള്‍ മതം നല്കുന്ന പ്രിവിലേജ് കൊണ്ട് വെറുതെ ഭഗവാനെ കണ്ട് പിക്‌നിക് മൂഡ് ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലതല്ലേ വിശ്വാസിയായ അന്യമതത്തിലെ ഭക്തന്‍ ഭഗവാനെ ദര്‍ശിച്ച് സായൂജ്യം നേടുന്നത്.

ഭാരതത്തില്‍ ജനിച്ച ഏവരും സാംസ്‌കാരികപരമായി ഹിന്ദുക്കള്‍ ആണെന്ന ലോജിക് അനുസരിച്ചാണെങ്കില്‍ അമല പോള്‍ എന്ന നടിയും ഹിന്ദു തന്നെയാണ്. ആ സാംസ്‌കാരികത അവര്‍ പേറുന്നതിനാലാണ് കാമാഖ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ നിര്‍വൃതിയുമായി അവര്‍ക്കിങ്ങനെ ചിരിച്ചു നില്ക്കാന്‍ കഴിയുന്നത്.

NB : ഈ പോസ്റ്റ് ഞാന്‍ dedicate ചെയ്യുന്നത് ആ ഒരുവള്‍ക്കാണ്. താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹിന്ദു കുഞ്ഞിന്റെ അച്ഛന്‍ മരിച്ച ആദ്യ ആണ്ട് അടുത്തപ്പോള്‍ ഞാന്‍ പോലും മറന്ന കാര്യം എന്നെ വിളിച്ചോര്‍മ്മിപ്പിച്ച് ഒരു കുറവും വരുത്താതെ എല്ലാ പൂജകളും തിരുവല്ലം ക്ഷേത്രത്തില്‍ നടത്തണേ എന്നും പറഞ്ഞ് അതിന്റെ എല്ലാ ചെലവും ആ കുഞ്ഞിന് അയച്ചുകൊടുത്ത Sheena George ന് വേണ്ടി, എന്നു പറഞ്ഞാണ് അഞ്ജു പാര്‍വതിയുടെ പോസ്റ്റ്.

”മതപരമായ വിവേചനം 2023ലും നിലനില്‍ക്കുന്നുവെന്നതില്‍ ദുഃഖവും നിരാശയുമുണ്ട്. എനിക്ക് ദേവിയുടെ അടുത്തേക്ക് പോകാനായില്ല, പക്ഷെ അകലെ നിന്ന് ആ ചൈതന്യം അനുഭവിക്കാനായി. മതപരമായ വിവേചനത്തില്‍ ഉടന്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യരായി നമ്മെ പരിഗണിക്കുന്ന സമയം വരും”എന്നാണ് വിഷയത്തില്‍ അമല പോള്‍ തന്റെ വികാരം പങ്കുവെച്ചത്.

Anu B