ഒരാളെ വിഷമിപ്പിച്ചാല്‍ സോറി പറഞ്ഞാല്‍ നമ്മള്‍ താഴ്ന്ന് പോവില്ല!! തനിക്ക് ആ മനസ്സുണ്ട്-മമ്മൂട്ടി

മഹാപ്രളയത്തെ പശ്ചാത്തലമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ മമ്മൂട്ടി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ജൂഡിനെ പ്രശംസിച്ച് പറഞ്ഞത് പക്ഷേ വിവാദത്തിലേക്കാണ് എത്തിയത്. ജൂഡിന്റെ തലയില്‍ മുടിയില്ല, ബുദ്ധിയുണ്ട് എന്ന പരാമര്‍ശമാണ് വിവാദമായത്. ശേഷം മമ്മൂട്ടി തന്നെ ഖേദം പ്രകടിപ്പിച്ച് എത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി വീണ്ടും ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ്. തനിക്ക് അങ്ങനെ സോറി പറയാന്‍ തോന്നിയതില്‍ സന്തോഷമുണ്ട് എന്നും മമ്മൂട്ടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് താരത്തിന്റെ വിശദീകരണം.

സിനിമയല്ലാതെ പൊളിറ്റിക്കല്‍ കറക്റ്റന്‌സൊക്കെ ചര്‍ച്ചയായി വരുന്നുണ്ട് എന്ന് ആങ്കര്‍ പറഞ്ഞപ്പോഴായിരുന്നു മമ്മൂട്ടി പറഞ്ഞത്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് അതിനൊപ്പം നമ്മള്‍ നിന്നുകൊടുക്കേണ്ടത് ആവശ്യമാണ്. ആളുകളുടെ തിരിച്ചറിവുകളുടെ കാലമാണ്. നമ്മള്‍ പണ്ട് ആലോചിക്കുന്നതുപോലെയല്ല ഇപ്പോഴുള്ള സാഹചര്യം.

ആളുകള്‍ തിരിച്ചറിയുന്നു. അത് മനസിലാക്കുന്നു. അതിനെതിരെ പ്രതികരിക്കുന്നു. പ്രതികരിച്ച് ആ അവകാശങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നു. അതൊക്കെ സംഭവിച്ചുകൊണ്ടേയിരിക്കും. ഇനി ഇതിന് അപ്പുറം വരുമെന്നും താരം വ്യക്തമാക്കി.

ജൂഡ് ആന്റണിയോട് ഖേദം പ്രകടിപ്പിച്ചതിനെ കുറിച്ചും മമ്മൂട്ടി പറയുന്നു.
അബദ്ധത്തിലാണെങ്കിലും ഒരാള്‍ക്ക് വിഷമം വരുമ്പോള്‍ സോറി പറഞ്ഞാല്‍ എന്താ. അതുകൊണ്ടൊന്നും നമ്മള്‍ താഴ്ന്നുപോകാന്‍ പോകുന്നില്ല. അങ്ങനെ ഒരു മനസുണ്ടാകുന്നത് നല്ലതാ. എനിക്ക് അത് ഉണ്ടായതില്‍ സന്തോഷമുണ്ട്. എന്തേലും അബദ്ധത്തില്‍ ചെയ്തതാണേലും നമുക്ക് സോറി പറയാം എന്നാണ് താരം പറഞ്ഞത്.

Anu B