സ്വന്തമായി സിനിമക്ക് കഥ എഴുതാൻ തീരുമാനിച്ചാൽ തനിക്ക് തോന്നിയ ഗുണം അതാണ്, അനൂപ് സത്യൻ

മലയാള സിനിമയിലേക്ക് പുതിയതായി ചുവടുറപ്പിച്ച സംവിധായകനാണ് അനൂപ് സത്യന്‍.   മലയാളത്തിലെ പ്രഗത്ഭനായ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് സത്യൻ. ആദ്യ സിനിമയിലൂടെ തന്നെ പിതാവിന്റെ കഴിവുകള്‍ തനിക്കുണ്ടെന്ന് തെളിയിക്കാന്‍ അനൂപിന് സാധിച്ചിരുന്നു. ക്ലാസിക്…

മലയാള സിനിമയിലേക്ക് പുതിയതായി ചുവടുറപ്പിച്ച സംവിധായകനാണ് അനൂപ് സത്യന്‍.   മലയാളത്തിലെ പ്രഗത്ഭനായ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകനാണ് അനൂപ് സത്യൻ. ആദ്യ സിനിമയിലൂടെ തന്നെ പിതാവിന്റെ കഴിവുകള്‍ തനിക്കുണ്ടെന്ന് തെളിയിക്കാന്‍ അനൂപിന് സാധിച്ചിരുന്നു. ക്ലാസിക് ഫാമിലി മൂവികള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്നതിലുപരി സംവിധായകന്‍ അനൂപ് സത്യനായി താരം മാറി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അനൂപ് വെള്ളിത്തിരയില്‍ സംവിധായകനായി മാറുന്നത്. അതിന് മുന്‍പ് ഷോര്‍ട്ട് ഫിലിമുകളായിരുന്നു അനൂപ് സംവിധാനം ചെയ്തിരുന്നത്. സംവിധാനത്തിന് പുറമേ തിരക്കഥ എഴുത്തിലും സജീവമാണ് അനൂപ്. ഇതിനെ പറ്റി ഒരു പത്ര മാധ്യമത്തിൽ അനൂപ് എഴുതിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേമാവുന്നത്. സ്വന്തമായി സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ തീരുമാനിച്ചതില്‍ തനിക്ക് തോന്നിയിട്ടുള്ള ഒരേ ഒരു ഗുണം എന്താണെന്നും കഥയുമായി വരുന്നവരെ കുറിച്ചുമൊക്കെ അനൂപ് പറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ കഥ പറയാന്‍ വരുന്നവരില്‍ ഏറ്റവും കൂടുതല്‍ പേരും അവരുടെ കൈയ്യില്‍ നല്ലൊരു ത്രില്ലറുണ്ടെന്നായിരിക്കും പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ്മ വരുന്നത് എന്താണെന്നും താരം സൂചിപ്പിച്ചിരിക്കുകയാണ്.

എന്റെ ജീവിതം സിനിമയാക്കിയാലുണ്ടല്ലോ… ഷുവറായും 100 ദിവസം ഓടും’ സിനിമയില്‍ ജോലി ചെയ്യുന്നവര്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള കാര്യങ്ങളില്‍ ഒന്നായിരിക്കും ഇത്. ഇക്കാര്യം അവസാനമായി പറഞ്ഞ ഒരാളോട് ഞാന്‍ അയാളുടെ കഥ പറയാന്‍ പറഞ്ഞു. അയാള്‍ അത് പറഞ്ഞു തീര്‍ക്കാന്‍ എടുത്ത സമയത്ത് ആലോചിച്ച കുറച്ച് കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സ്വന്തമായി സിനിമയ്ക്ക് തിരക്കഥയെഴുതാന്‍ തീരുമാനിച്ചതില്‍ എനിക്ക് തോന്നിയിട്ടുള്ള ഒരേ ഒരു ഗുണം, ”ഇപ്പോളെന്തു ചെയ്യുന്നു”, ”അടുത്ത സിനിമയെന്താണ്” എന്ന് ആരെങ്കിലും ചോദിച്ചാല്‍ ”എഴുത്തിലാണ്” എന്ന് പറയാന്‍ പറ്റും എന്നത് മാത്രമാണ്. മറ്റേതു രീതിയില്‍ നോക്കിയാലും ലോകത്തിലെ ഏറ്റവും ടെന്‍ഷന്‍ തരുന്ന ജോലികളില്‍ ഒരെണ്ണമായി ഇതിനെ കണക്കാക്കാം. ഈ തിരക്കുള്ള വിമാനത്താവളങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പോലെ. ഒരു സീന്‍ ടേക് ഓഫ് ആകാനും, കൂട്ടിയിടിക്കാതെ അടുത്ത സീന്‍ ലാന്‍ഡ് ചെയ്യിപ്പിക്കാനും ഉള്ള ഒരു പരിശീലനം എഴുതുന്നയാള്‍ക്ക് വേണം. അതിന്റെ കൂടെ നല്ല അച്ചടക്കവും, ക്ഷമയും. വിജയം. ഒരേ റൂട്ടിലോടുന്ന ബസിലിരുന്നാലും പുതിയ കാഴ്ചകള്‍ കാണാന്‍ ഉള്ള കണ്ണുണ്ടായാല്‍ മതി എന്നാണ് അതോര്‍മ്മപ്പെടുത്തുന്നത്.

പാന്‍-ഇന്ത്യന്‍ ഫോര്‍മാറ്റിലേക്ക് എല്ലാവരും ഓടിക്കയറുമ്പോള്‍ മലയാള സിനിമയില്‍ കുറഞ്ഞു പോകുന്നത് ഇവിടത്തെ ജീവിതം പറയുന്ന സിനിമകള്‍ ആണ്. പുതിയ തലമുറയില്‍ പലരും സിനിമകള്‍ കണ്ടാണ് സിനിമക്കുള്ള കഥയുണ്ടാക്കുന്നതെന്നു തോന്നിയിട്ടുണ്ട്. ഇപ്പോള്‍ കഥ പറയാന്‍ വരുന്നവരില്‍ ഏറ്റവും കൂടുതല്‍ ”എന്റെ കയ്യില്‍ നല്ലൊരു ത്രില്ലറുണ്ട്” എന്ന് പറയുന്നവരാണ്. ആദ്യ സീനില്‍ തന്നെ ഒരു കൊലപാതകവും, ക്ലൈമാക്‌സില്‍ നെടു നീളന്‍ ഡയലോഗുകളും, മെഷീന്‍ ഗണ്ണും, പൊട്ടിത്തെറിയും ഒക്കെയുണ്ടാകും. എനിക്കപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വരിക, ‘സന്ദേശ’ ത്തിലെ ഒരു സീനാണ്. ‘സായുധ വിപ്ലവം ഞങ്ങള്‍ക്ക് പുത്തരിയല്ല’ എന്ന് ശ്രീനിവാസന്‍ പറയുമ്പോള്‍, മാള അരവിന്ദന്‍ പറയുന്ന ഒരു ഡയലോഗ്, ‘എടാ ഒരു തോക്ക് നീ കണ്ടിട്ടുണ്ടോ? ഈ ബോംബ് എന്ന് പറയുന്ന സാധനം എന്താണ് എന്ന് നിനക്കറിയുമോ’. ഇവിടത്തെ കാര്യം പറയുമ്പോള്‍ ‘അങ്ങ് പോളണ്ടിലേക്ക്’ പോകുന്നതു പോലെയാണത്. എഴുതി തുടങ്ങിയതിലേക്ക് തിരിച്ചെത്താം. ‘കഥ എങ്ങനെയുണ്ട്?’ എന്ന് മുന്നില്‍ നിന്നയാള്‍ ചോദിച്ചപ്പോളാണ്, ചിന്തകളില്‍ കറങ്ങി നടന്നിരുന്ന ഞാന്‍ തിരികെയെത്തിയത്. 100 ദിവസം ഓടുന്ന സ്വന്തം ജീവിതകഥ പറയാന്‍ അദ്ദേഹം ഒരു മണിക്കൂറോളം എടുത്തിരുന്നു. എനിക്ക് പറയാന്‍ രണ്ടു മറുപടികള്‍ ഉണ്ടായിരുന്നു. 1. ”നമ്മുടെ ജീവിതം നമുക്ക് സംഭവ ബഹുലമായി തോന്നും. മറ്റുള്ളവര്‍ക്ക് പക്ഷെ ബോറടിച്ചേക്കാം. അത് കൊണ്ടാണ് നല്ല കഥയുണ്ടാക്കാന്‍ എല്ലാവരും അല്പം സമയം എടുക്കുന്നത്.” 2. ”കൊള്ളാം. നന്നായിരിക്കുന്നു.” രണ്ടാമത്തേത് പറഞ്ഞു ഞാന്‍ അവിടെ നിന്നിറങ്ങി എന്നാണ് അനൂപ് സത്യൻ പറയുന്നത്.