ആനിയുടെയോ രാജീവിന്റെയോ പക്ഷം എന്നത് ഉത്തരം കിട്ടാതെ നോവായി മാറിയിട്ടു 30 വര്‍ഷത്തിലേറെയായി

അനുപമയുടെ കുഞ്ഞും കേരളത്തിന്റെ അന്തിചര്‍ച്ചകളിലും ചാനല്‍ ചര്‍ച്ചകളിലും സ്ഥാനം പിടിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ഒരു ആരാധകന്റെ കുറിപ്പാണ്. ദശരഥം എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഏതാണ്ട് സമാനസ്വഭാവമുള്ള ഒരു വിഷയമാണ് പ്രതിപാദിച്ചത്…

ആരാധകന്റെ കുറിപ്പ് ഇങ്ങനെ,

കുഞ്ഞും മാതൃത്വവും വിഷയത്തില്‍ കേരളം ചര്‍ച്ച ചെയ്തു തുടങ്ങിട്ടപ്പോള്‍ തൊട്ടു മനസില്‍ ഒരു ആവലാതി മാത്രമേ വന്നിരുന്നുള്ളൂ. തനിക്ക് കൂട്ടായി തന്റെയും ഭര്‍ത്താവിന്റെയും സ്‌നേഹലാളനകളില്‍ വളരാന്‍…. കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ കൂടെ ഉണ്ടാവുമെന്ന് കരുതിയ…. തനിക്ക് ഉള്ളതെല്ലാം എഴുതി നല്‍കി മനസ് കൊണ്ട് ഗര്‍ഭം ധരിച്ച കുഞ്ഞിനെ കൂടെ കൂട്ടിയ ആ അമ്മയെയും അച്ഛനെയും കുറിച്ചാണ്.


നിയമവും പിന്‍ന്താങ്ങികളും ബയോളജിക്കല്‍ മദര്‍ എന്നതില്‍ മാത്രം കടിച്ചു തുങ്ങുമ്പോള്‍ ബാക്കിയവുന്നത് ആ രണ്ടു ദേഹങ്ങളാണ്. ഒന്നാലോചിച്ചു നോക്കൂ. വാര്‍ത്തകളില്‍ കൂടെ ഈ വിഷയം അറിഞ്ഞപ്പോള്‍ ആ ദമ്പതികള്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍, ഇനി അനുഭവിക്കാന്‍ പോവുന്ന വേദനകള്‍.. നിയമം അനുശ്വാസിക്കുന്ന എല്ലാ നടപടിക്രമങ്ങളും തീര്‍ത്തു, അവര്‍ കണ്ടത്തിയ പുതിയ സന്തോഷങ്ങളില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ഓര്‍ത്തു കാണുമോ ഇതുപോലൊരു വേദന വന്നു ചേരുമെന്ന്.
ഇന്ന് പുത്തനടുപ്പും നല്‍കി നിറകണ്ണുകളോടെ തന്റെ ഹൃദയം പറിച്ചു കൊടുക്കുന്ന വേദനയോടെ കുഞ്ഞിനെ യാത്രയാക്കുന്ന ആന്ധ്രാ ദമ്പതിമാരുടെ ചിത്രം ഓര്‍മപ്പെടുത്തുന്നത് ലോഹിതദാസിന്റെ സ്വന്തം രാജീവ് മേനോനെയാണ്. ദശരഥത്തില്‍ മോഹന്‍ലാല്‍ എന്ന രത്‌നത്തിന്റെ പ്രകടനം കൊണ്ടു രാജീവിന്റെ ഒപ്പം അറിയാതെ ചേര്‍ന്നു പോകുന്നുണ്ടങ്കിലും, ആനിയുടെയോ രാജീവിന്റെയോ പക്ഷം എന്നത് ഉത്തരം കിട്ടാതെ നോവായി മാറിയിട്ടു 30 വര്‍ഷത്തിലേറെയായി. ഇനിയും അതിനൊരു ഉത്തരം കിട്ടുമെന്ന് തോന്നുന്നുമില്ല. ആ ദമ്പതിമാരെ കാണുകയോ അവര്‍ കടന്നു പോവുന്ന അവസ്ഥ നേരിട്ടറിയുകയോ ചെയ്തില്ലെങ്കിലും അവരുടെ മുഖം എനിക് കാണാന്‍ കഴിയുന്നുണ്ട്. അത് ദുഃഖം ഇരമ്പുന്ന കടല്‍ മനസില്‍ ചിരി കൊണ്ടു ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടും പരാചിതനാവുന്ന രാജീവിലൂടെയാണ്.
മനസ് കൊണ്ട് എനിക്ക് ആ ആന്ധ്ര ദമ്പതികള്‍ക്ക് കൂടെ ചേര്‍ന്ന് നില്‍ക്കാനേ കഴിയുന്നുള്ളൂ. എന്റെ മാനുവല്‍ എന്റെ മനസാക്ഷിയാണ്.