‘എന്തായാലും പത്ത് കോടിക്കടുത്ത് കേരളത്തില്‍ നിന്നും പത്താന്‍ വാരാന്‍ സാധ്യതയുണ്ട്’

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘എന്തായാലും പത്ത് കോടിക്കടുത്ത് കേരളത്തില്‍ നിന്നും പത്താന്‍ വാരാന്‍ സാധ്യതയുണ്ടെന്നാണ് അപ്പു രാമകൃഷ്ണന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

ബഹിഷ്‌കരിക്കാന്‍ പറഞ്ഞാല്‍ പറഞ്ഞവന്റെ അടിച്ച് അണ്ണാക്കില്‍ കൊടുത്ത പാരമ്പര്യത്തിന്റെ പേരാണ് മലയാളി….
ചരിത്രത്തിലാദ്യമായി ഒരു ഹിന്ദി സിനിമക്ക് വണ്ടൂര്‍ ഹരിഹര്‍ ഫിലിം സിറ്റിയിലൊക്കെ എക്‌സ്ട്രാ ഷോസ്.
ജോണും, ഷാരൂഖും, ദീപികയും പിന്നെ ഉള്ള ഒരു സസ്‌പെന്‍സ് സൂപ്പര്‍സ്റ്റാറും പൂണ്ടു വിളയാടിയ സിനിമ. ലോജിക്കിനെ മടക്കി തൂക്കി പോക്കറ്റില്‍ വക്കാം. High voltage entertainment movie എന്ന് ചുരുക്കത്തില്‍ പറയാം. അനാവശ്യ ഗാനങ്ങളോ, ചളി കോമഡികളോ ഇല്ല എന്നത് ഹിന്ദി സിനിമയില്‍ അത്യപൂര്‍വ്വമാണ്. ആ അത്യപൂര്‍വ്വത ഈ സിനിമയെ ഒന്നുകൂടി ഫാസ്റ്റാക്കി. എന്തായാലും പത്ത് കോടിക്കടുത്ത് കേരളത്തില്‍ നിന്നും പത്താന്‍ വാരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ റെക്കോര്‍ഡ് കാഴചക്കാരാണ് പത്താന്‍ ട്രെയിലറിന് ലഭിച്ചത്. ദീപികയുടെ കാവി ബിക്കിനിയുടെ പേരിലാണ് ചിത്രം വിവാദത്തിലിടം പിടിച്ചത്. ബഹിഷ്‌കരണാഹ്വാനവും ഷാരൂഖ് ഖാനെതിരെ വധ ഭീഷണി വരെ ഉയര്‍ന്നിരുന്നു. നിര്‍മാതാക്കളായ യഷ് രാജിന്റെ സ്‌പൈ യൂണിവേഴ്‌സ് ഒരുക്കുന്ന ചിത്രമാണ് പത്താന്‍. വാര്‍, ടൈഗര്‍ എന്നിവയാണ് യഷ് രാജ് സ്‌പൈ യൂണിവേഴ്‌സ് ഒരുക്കിയിട്ടുള്ള മറ്റ് സിനിമകള്‍. ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്ത ചിത്രമാണ് പത്താന്‍. നാല് വര്‍ഷത്തിന് ശേഷം ഷാരുഖ് ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പത്താന്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യാണ് അവസാനം തിയ്യേറ്ററിലെത്തിയ ഷാരൂഖ് ചിത്രം.

Gargi