105 ഷോ, 29,929 ടിക്കറ്റുകള്‍; കണ്ണൂര്‍ സ്ക്വാഡിന്റെ കളക്ഷന്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്

സമീപ കാലത്തെ മലയാള സിനിമയുടെ ട്രെൻഡ് നോക്കിയാൽ ഒന്നുകില്‍ വൻ  വിജയങ്ങള്‍, അല്ലെങ്കില്‍ വന്‍ പരാജയങ്ങള്‍. ഇതിനിടയിലുള്ള ആവറേജ് ഹിറ്റുകള്‍ അകന്നുനില്‍ക്കുകയാണ്  മലയാള സിനിമയില്‍. വിജയങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ എന്‍ട്രി മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ് ആണ്. ആദ്യ എട്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രമാണിത്. റിലീസിംഗ് സെന്‍ററുകളിലെല്ലാം മികച്ച ഒക്കുപ്പന്‍സിയോടെ തുടരുന്ന ചിത്രം തിരുവനന്തപുരത്തെ പ്രധാന തിയറ്റര്‍ ആയ ഏരീസ് പ്ലെക്സില്‍ നിന്ന് നേടിയ കളക്ഷന്‍ കണക്കുകള്‍ ഇപ്പോഴിതാ പുറത്തെത്തിയിരിക്കുകയാണ്. സെപ്റ്റംബര്‍ 28 ന് പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം തിരുവനന്തപുരം ഏരീസില്‍ നിന്ന് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 55.47 ലക്ഷമാണ്. 105 ഷോകളില്‍ നിന്നായി ആകെ വിറ്റ ടിക്കറ്റുകളുടെ എണ്ണം 29,929. ആവറേജ് തിയറ്റര്‍ ഒക്കുപ്പന്‍സി 76.09 ശതമാനം. ഒരു മമ്മൂട്ടി ചിത്രം ഏരീസ് പ്ലെക്സില്‍ നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ ഗ്രോസ് ആണ് ഇത്. ഒന്നാം സ്ഥാനത്ത് അമല്‍ നീരദിന്‍റെ സംവിധാനത്തിലെത്തിയ ഭീഷ്‍മ പര്‍വ്വമാണ്.  മികച്ച ഇനിഷ്യലോടെ ബോക്സ് ഓഫീസിലും യാത്ര തുടങ്ങിയ കണ്ണൂർ സ്‌ക്വാഡ്  ഒൻപത്  ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ചിത്രങ്ങള്‍ ലൂസിഫര്‍, കുറുപ്പ്, ഭീഷ്മപര്‍വ്വം, ആര്‍ഡിഎക്സ്, 2018, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ്. ഇതില്‍  ലൂസിഫര്‍ നാല് ദിവസത്തിലാണ് 50 കോടി ക്ലബില്‍ എത്തിയത്. രണ്ടാമത് കുറുപ്പ്, ഭീഷ്മ പര്‍വ്വം ചിത്രങ്ങളാണ് അഞ്ച് ദിവസത്തില്‍ ഈ ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചു. പിന്നീട് വരുന്നത് ആര്‍ഡിഎക്സും, 2018മാണ് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ ചിത്രങ്ങള്‍ 50 കോടി ക്ലബില്‍ എത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ സ്ക്വാഡ് എട്ട് ദിവസത്തിലാണ് 50 കോടി ക്ലബില്‍ എത്തിയത്.

അതായത് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയ അഞ്ച് സ്ഥാനങ്ങളിലെ ചിത്രങ്ങള്‍ പരിഗണിച്ചാല്‍ അതില്‍ രണ്ടെണ്ണം മമ്മൂട്ടി ചിത്രങ്ങളാണ് എന്ന് കാണാം.   ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിം​ഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോ ചിത്രത്തിന്‍റെ എത്ര ടിക്കറ്റുകള്‍ ഇതുവരെ വിറ്റു എന്ന കണക്കുമായി എത്തിയിരിക്കുകയാണ്. കണ്ണൂര്‍ സ്ക്വാഡിന്‍റെ 10 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വഴി ഇതുവരെ വിറ്റത്. ഒരു മലയാള ചിത്രത്തെ സംബന്ധിച്ച് നേട്ടമാണ് ഇത്. ബുക്ക് മൈ ഷോയില്‍ 42,000 പേര്‍ വോട്ട് ചെയ്തപ്പോള്‍ 9.2 റേറ്റിം​ഗ് ആണ് ചിത്രത്തിന്. അതേസമയം രണ്ടാം വാരവും ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്.  കരിയറില്‍ നിരവധി പൊലീസ് വേഷങ്ങളില്‍ കൈയടി നേടിയിട്ടുള്ള മമ്മൂട്ടിയുടെ ഏറെ പ്രത്യേകതകളുള്ള പൊലീസ് വേഷമാണ് കണ്ണൂര്‍ സ്ക്വാഡിലെ എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍. കാസര്‍​ഗോഡ് നടക്കുന്ന ഒരു നിഷ്ഠൂരമായ കുറ്റകൃത്യം നടത്തിയ പ്രതികളെ പിടിക്കാന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരേന്ത്യയില്‍ നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. നവാ​ഗതനായ റോബി വര്‍​ഗീസ് രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ്മ എന്നിവരാണ് ജോര്‍ജിന്‍റെ സ്ക്വാഡിലുള്ള മറ്റ് പൊലീസുകാരെ അവതരിപ്പിച്ചിരിക്കുന്നത്.

Sreekumar R