ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും!! കാനില്‍ പോകാതിരുന്നതിനെ കുറിച്ച് അസീസ് നെടുമങ്ങാട്

കാന്‍ ചലച്ചിത്ര മേളയില്‍ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. മലയാള സിനിമയ്ക്കും ഏറെ അഭിമാന നിമിഷമാണിത്. ചലച്ചിത്രമേളയില്‍ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ പ്രി അവാര്‍ഡാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് നേടിയത്.

ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തില്‍ മലയാളത്തിലെ നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും നടന്‍ അസീസ് നെടുമങ്ങാടുമാണ് പ്രധാന കഥാപാത്രങ്ങളായത്. പുരസ്‌കാരം സ്വീകരിയ്ക്കാന്‍ കനി കുസൃതിയും ദിവ്യ പ്രഭയും കാനിലെത്തിയിരുന്നു. ഇന്ത്യയുടെ മുഴുവന്‍ അഭിനന്ദവും ഏറ്റുവാങ്ങുകയാണ് താരങ്ങള്‍.

കാനിലേക്ക് പോകാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അസീസ് നെടുമങ്ങാട്. സായിപ്പന്മാര്‍ വന്ന് ഇംഗ്ലീഷില്‍ വല്ലതും ചോദിച്ചാല്‍ ബബ്ബബ്ബ അടിക്കേണ്ടി വരും, അതാണ് ക്ഷണം നിരസിച്ചതെന്ന് അസീസ് പറയുന്നു. ചിത്രം കാന്‍ ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ സിനിമാ സംഘത്തിനൊപ്പം പോകാനുള്ള ക്ഷണം താരം നിരസിക്കുകയായിരുന്നു.

ചിത്രത്തില്‍ മലയാളി ഡോക്ടറായ മനോജ് എന്ന കഥാപാത്രമായാണ് അസീസ് എത്തിയത്. കനി കുസൃതി അവതരിപ്പിച്ച നഴ്സ് പ്രഭ എന്ന കഥാപാത്രത്തെ പ്രണയിക്കുന്ന ഡോക്ടായിരുന്നു കഥാപാത്രം. പുതുതായി മുംബൈയിലേക്ക് എത്തിയ മലയാളി ഡോക്ടറുടെ കഥാപാത്രമായിരുന്നു. അതുകൊണ്ട് തനിക്ക് മാത്രം പറയാവുന്ന ഹിന്ദി മതിയായിരുന്നു കഥാപാത്രത്തിനെന്നും അസീസ് പറയുന്നു.

ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്ത് വിളിച്ച ഹിന്ദി ഫോണ്‍ കോളും കട്ട് ചെയ്തിരുന്നെന്നും അസീസ് പറയുന്നു. ഫോണെടുത്തപ്പോള്‍ ഹിന്ദി പറയുന്നത് കേട്ട് കസ്റ്റമര്‍ കെയറില്‍ നിന്നാകും എന്നായിരുന്നു വിചാരിച്ചതെന്നും താരം പറയുന്നു.