ഇഷ്ടക്കാര്‍ക്ക് നേരെ വരുന്ന ആരോപണങ്ങള്‍ ഡബ്ല്യുസിസി മൂടിവെയ്ക്കുന്നുവെന്ന് ഭാഗ്യലക്ഷ്മി

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ പല നിലപാടുകളിലും എതിര്‍പ്പുണ്ടെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സംഘടനയുടെ ഭാരവാഹികള്‍ക്ക്…

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കപ്പെട്ടപ്പോള്‍ താന്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ സംഘടനയുടെ പല നിലപാടുകളിലും എതിര്‍പ്പുണ്ടെന്ന് ഭാഗ്യലക്ഷ്മി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സംഘടനയുടെ ഭാരവാഹികള്‍ക്ക് ഇഷ്ടമുള്ള വ്യക്തികള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കാറുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഞാന്‍ ഡബ്ല്യുസിസിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ സംഘടനയില്‍ ഇല്ലാത്ത കൊണ്ട് അസൂയ എന്ന് പറയും. അതിനാല്‍ പലപ്പോഴും പറയണം എന്ന് തോന്നിയ പല കാര്യങ്ങളും ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഏതൊരു പ്രസ്ഥാനത്തിനും വ്യക്തിയ്ക്കും നേരെ വിമര്‍ശനം ഉണ്ടാകണം. ഡബ്ല്യുസിസിയില്‍ ഇല്ലെങ്കില്‍ പോലും ആ സംഘടന രൂപപെട്ടപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ ചേര്‍ന്ന് ഉണ്ടാക്കിയ ഒരു കൂട്ടായ്മ. അതിനെ ഒരു സംഘടന എന്ന് പറയാന്‍ കഴിയില്ല. അത് ഒരു കൂട്ടായ്മയാണ്. ഒരുപാട് സ്ത്രീകള്‍ക്ക് ധൈര്യം നല്‍കിയ ഒരു കൂട്ടായ്മ.

പില്‍കാലത്ത് അത് രജിസ്റ്റര്‍ ചെയ്തു ഒരു സംഘടനയായി മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ഇപ്പുറവും അത് ഒരു കൂട്ടായ്മ മാത്രമായി നില്‍ക്കുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും അവര്‍ പിന്തുണയ്ക്കുന്ന അവര്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ മൂടിവെയ്ക്കുന്നുണ്ട്. വലിയ മാര്‍ക്കറ്റ് ഉള്ള നടന്മാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എതിരെയുള്ളത് മാത്രം പുറത്തുവന്നാല്‍ പോരല്ലോ. അവരുടെ പ്രതികരണം എന്നത് അവര്‍ക്ക് ഇഷ്ടമുള്ളവരുടെ കാര്യങ്ങളില്‍ പ്രതികരിക്കേണ്ട എന്ന നിലപാടില്ലായ്മയുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.