
ബിഗ് ബോസ് മലയാളം സീസൺ 8ൽ ശ്രദ്ധേയമായ മത്സരവുമായി മുന്നേറുകയാണ് രാഹുൽ ഈശ്വർ. ഇതിനിടെ രാഹുലിനോട് മോഹൻലാൽ ചോദിക്കുന്ന ഒരു ചോദ്യമാണ് പുതിയ എപ്പിസോഡിന്റെ പ്രൊമോയിലൂടെ ശ്രദ്ധ നേടുന്നത്. 25 ലക്ഷം രൂപ തിരികെ നൽകിയാൽ രാഹുൽ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുവരാൻ തയ്യാറാകുമോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ചാനൽ അവതാരകനായും ‘മലയാളി ഹൗസ്’ റിയാലിറ്റി ഷോയിലെ മത്സരാർഥിയായും പിന്നീട് ടെലിവിഷൻ ചർച്ചകളിലെ സ്ഥിരം സാന്നിധ്യമായും മലയാളികൾക്ക് പരിചിതനാണ് രാഹുൽ ഈശ്വർ. പുരുഷന്മാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുമെന്നും മെൻസ് കമ്മിഷൻ രൂപീകരിക്കാൻ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ഷോയിൽ സഹമത്സരാർഥികളോട് സൗമ്യമായും തന്ത്രപരമായും ഇടപെടുന്ന രാഹുൽ ഗെയിമുകളിലും സജീവമാണ്.
കഴിഞ്ഞ ദിവസം നടന്ന ബിഡ്ഡിങ് ടാസ്കാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയായിരുന്നു ടാസ്കിലെ പരമാവധി തുക. മറ്റാരും തിരഞ്ഞെടുക്കാത്ത ഏറ്റവും ഉയർന്ന തുക ബിഡ് ചെയ്യുന്നയാളായിരുന്നു വിജയി. ഇതിൽ 24,99,999.95 രൂപ ബിഡ് ചെയ്താണ് രാഹുൽ വിജയിച്ചത്. ടാസ്കിലെ വിജയത്തോടെ 12-ാം ആഴ്ച വരെ നോമിനേഷൻ ഭീഷണിയില്ലാതെ ഹൗസിൽ തുടരാനുള്ള അവസരമാണ് രാഹുലിന് ലഭിച്ചത്. എന്നാൽ ഈ നേട്ടത്തിനൊപ്പം ഫിനാലെയിലെ വിജയിക്ക് ലഭിക്കേണ്ട സമ്മാനത്തുക 25 ലക്ഷമായി കുറഞ്ഞതും ചർച്ചയായി.
ഇന്നത്തെ എപ്പിസോഡിൽ ഈ വിഷയമാണ് മോഹൻലാൽ രാഹുലിനോട് സംസാരിക്കുന്നത്. ബിഗ് ബോസ് നൽകിയ തുക ഉപയോഗിച്ച് രാഹുലിന്റെ കോൺഫിഡൻസ് അളക്കുകയായിരുന്നുവെന്നും എന്നാൽ അദ്ദേഹം അതിൽ വീണുപോയെന്നും മോഹൻലാൽ പറയുന്നുണ്ട്.
തുക തിരികെ നൽകാൻ അവസരം ലഭിച്ചാൽ സന്തോഷത്തോടെ അത് ചെയ്യുമെന്നാണ് രാഹുലിന്റെ മറുപടി. 12 ആഴ്ച വരെ നോമിനേഷൻ ഫ്രീ ആകണമെന്നില്ലെന്നും ടാസ്കിലൂടെ പണം തിരിച്ചുനൽകാൻ അവസരം ലഭിച്ചാൽ 25 ലക്ഷം രൂപയും തിരികെ നൽകാൻ താൻ തയ്യാറാണെന്നും രാഹുൽ പറയുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാലിന്റെ കൗതുകകരമായ ചോദ്യം. 25 ലക്ഷം രൂപ തിരികെ നൽകിയാൽ തന്റെ അടുത്തേക്ക് വരാൻ രാഹുൽ തയ്യാറാണോ എന്നായിരുന്നു അവതാരകന്റെ മറുചോദ്യം. ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോയിലാണ് ഇരുവരും തമ്മിലുള്ള ഈ സംഭാഷണമുള്ളത്. രാഹുൽ മോഹൻലാലിന്റെ ചോദ്യത്തിന് എന്ത് മറുപടി നൽകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. അതിന്റെ വിശദാംശങ്ങൾ ഇന്നത്തെ എപ്പിസോഡിൽ വ്യക്തമാകും.












